എനിക്ക് നാലാമത്തെ സ്റ്റേജ് കാന്‍സര്‍ ആയിരുന്നു… രണ്ട് കാലുകളും തളര്‍ന്നു പോയിരുന്നു, സുജിത് പറയുന്നു

ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോഴേ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഇൗ മഹാവ്യാധിക്ക് എതിരെ പടവെട്ടി ജീവിക്കുന്നവരുമുണ്ട്. മനോധൈര്യം കൊണ്ട് ക്യാന്‍സറിനെ തോല്‍പ്പിച്ച പലരും ഇന്ന് നമുക്ക് ചുറ്റിനുമുണ്ട്. ഇപ്പോള്‍ രോഗത്തിന്റെ ചുട്ടുപൊള്ളുന്ന വേദനയില്‍ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സുജിത് ഉട്ടുമടത്തില്‍ എന്ന യുവാവ്. കീമോ ചെയ്യണം എന്ന് കേള്‍ക്കുമ്പോഴേ പലരും ഭയക്കും. എന്നാല്‍ ഭയക്കേണ്ടതില്ലെന്ന് പറയുകയാണ് സുജിത്ത്. മാത്രമല്ല കീമോതെറാപ്പിയെ കുറിച്ച് പല തെറ്റിദ്ധാരണകള്‍ ഇന്നുണ്ടെന്നും അതൊന്നും ചെവിക്കൊള്ളരുതെന്നും സ്വന്തം അനുഭവത്തിന്റെ വെഴിച്ചത്തില്‍ നിന്ന് യുവാവ് പറയുന്നു.

സുജിത്തിന്റെ കുറിപ്പ്, #കീമോയും_ഞാനും. ഏകദേശം രണ്ട് വര്‍ഷക്കാലത്തെ ചികിത്സയാണ് എനിക്ക് കാന്‍സറിനെ തോല്‍പ്പിക്കാനായി വേണ്ടിവന്നത്..ഓരോ ചികിത്സാ സമയവും എന്നിലേ രൂപ മാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പങ്കുവച്ചിരുന്നു… ഹോസ്റ്റലിലെ എന്റെ ദീര്‍ഘ കാല ജീവിതം ശെരിക്കും കലാപരമായ കാര്യങ്ങളില്‍ ശ്രെദ്ധ കൊടുത്തായിരുന്നു വേദനകളെ ഇല്ലാതാക്കാന്‍ ശ്രേമിച്ചത്.. കൂടെയുള്ളവരെയും ചേര്‍ത്ത് പിടിച്ച് സന്തോഷമായി ഞങ്ങള്‍ പൊരുതി വിജയിച്ചു.. ഇന്ന് വളണ്ടിയറായി ഹോസ്പിറ്റലില്‍ തന്നെയുണ്ട്… അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വരുന്ന ഈ അസുഖത്തെ നേരിടനായി ഇരിയ്ക്കുന്ന സുഹൃത്തുക്കളില്‍ പലരിലും ഉള്ള ചോദ്യത്തിന്റെ മറുപടിയാണ് ഞാന്‍ ഇവിടെ കുറിയ്ക്കുന്നത്.. ഡോക്ടര്‍ കീമോ ചെയ്യണം എന്ന് പറയുമ്പോള്‍ ഭയത്തോടെ മനസ്സ് തളര്‍ന്നു പോകുന്നത് പലരിലും ഞാന്‍ കണ്ടു….

കീമോ എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ട.. കീമോതെറാപ്പിയെപ്പറ്റി നിരവധി തെറ്റിദ്ധാരണകള്‍ ഇന്നുണ്ട്. കീമോ ചെയ്താല്‍ മുടി സ്ഥിരമായി ഇല്ലാതാകുമെന്നാണ് മിക്കവരും കരുതുന്നത്. ഇത് അര്‍ബുദ ബാധിതരായ സ്ത്രീകളില്‍ മാനസിക പ്രശ്‌നമുണ്ടാക്കുന്നുണ്ട്. മുടി കൊഴിയുന്നത് പേടിച്ച് കീമോതെറാപ്പി വേണ്ട എന്നു പറയുന്നവരുണ്ട്. അര്‍ബുദകോശങ്ങളുടെ അനിയന്ത്രിതമായ പെരുകല്‍ തടയുകയാണ് കീമോതെറാപ്പിയുടെ ലക്ഷ്യം. ശരീരത്തില്‍ ഏറ്റവും പെട്ടെന്നു പെരുകുന്നത് മുടിയിലെ കോശങ്ങളാണ്. കീമോ തെറാപ്പിക്കു വിധേയമാകുമ്പോള്‍ ഈ കോശങ്ങളുടെ വളര്‍ച്ച തടയപ്പെടും…കീമോതെറാപ്പി കഴിഞ്ഞ് രോഗത്തില്‍ നിന്നു മുക്തി നേടിയാല്‍ മുടി പഴയപോലെ കിളിര്‍ത്തുവരും…

കീമോതെറാപ്പി മരുന്നുകള്‍ അര്‍ബുദമുള്ളതും ഇല്ലാത്തതുമായ കോശങ്ങളെ നശിപ്പിക്കും. ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടും. രക്തക്കുഴലുകളില്‍ അര്‍ബുദങ്ങള്‍ വളരാതിരിക്കാന്‍ ശ്രദ്ധിക്കും. അര്‍ബുദം ബാധിച്ച കോശങ്ങളുടെ ജീനുകളെ ആക്രമിച്ച് അവയെ നശിപ്പിക്കുകയും പുതിയ ട്യൂമറുകള്‍ വളരാതിരിക്കാനും ശ്രദ്ധിക്കും. കാന്‍സര്‍ രോഗം വേദന എന്നാണു പൊതുവേ സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാല്‍ ഇതു തികച്ചും തെറ്റാണ്. കാന്‍സര്‍ രോഗികളില്‍ ചിലരില്‍ മാത്രമേ വേദന ഒരു പ്രശ്‌നമായി മാറാറുള്ളൂ. മാത്രവുമല്ല, വളരെ ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. രോഗം കണ്ടെത്തുമ്പോള്‍ തന്നെ ഇനി വേദനകളുടെ നാളുകളാകുമോ എന്റെ ജീവിതം ഇവിടെ തീരുന്നു എന്നുള്ള ചിന്തകളാണ് പലര്‍ക്കും..ഈ ചിന്താഗതി മാറണം… അസുഖത്തെ നേരിടുക ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് നീങ്ങുക…

എനിക്ക് നാലാമത്തെ സ്റ്റേജ് കാന്‍സര്‍ ആയിരുന്നു… രണ്ട് കാലുകളും തളര്‍ന്നു പോയിരുന്നു… റേഡിയേഷനും ഹൈഡോസ് കീമോയും ചെയ്തിട്ടുണ്ട്.. എല്ലാം അതിന്റെതായ സമയങ്ങളില്‍ ആ വേദനകളെ നമുക്ക് അതിജീവിക്കാനുള്ള കരുത്തുണ്ടാകും.. ഒരു ഭയവും വേണ്ട… നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആര്‍ക്കെങ്കിലും ഒക്കെ ഇതുപോലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ എന്നെ ബന്ധപ്പെടാം എന്നാല്‍ കഴിയുന്ന എന്ത് ഹെല്‍പ്പും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്