ഒരൊറ്റ ബിജെപി എംഎല്‍എ പോലും പാര്‍ട്ടി വിടില്ല; കോണ്‍ഗ്രസിന്റെ അവകാശവാദം തള്ളി യെദ്യൂരപ്പ

മെയ് 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബിജെപിയുടെ നിരവധി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന കെ.സി.വേണുഗോപാലിന്റെ അവകാശ വാദത്തെ തള്ളി ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ. അതേസമയം എച്ച്.ഡി.കുമാരസ്വാമിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ലാത്ത 20ഓളം എംഎല്‍എമാര്‍ മെയ് 23ന് ശേഷം പാര്‍ട്ടിയില്‍ തുടരില്ലെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു. ബിജെപിയില്‍ നിന്നുള്ള ഒരാള്‍ പോലും മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നിരവധി എംഎല്‍എമാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിനിടെയാണ് വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

224 അംഗങ്ങളുള്ള സംസ്ഥാന അസംബ്ലിയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് 117 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 37 പേര്‍ ജെഡിഎസ് അംഗങ്ങളാണ്. 113 ആണ് ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ടത്.