ചമ്പക്കുളത്ത് നൂറിലധികം വീടുകളില്‍ വെള്ളംപൊങ്ങി, കുടുംബങ്ങൾ ദുരിതത്തിൽ

ചമ്പക്കുളം : മഴ തോരാതെ പെയ്തതോടെ ആലപ്പുഴ ചമ്പക്കുളം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നൂറിലേറെ വീടുകളില്‍ വെള്ളം കയറി. കിഴക്കന്‍ വെള്ളം കുതിച്ചെത്തുന്നതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് വിവരം. മാലിന്യം നിറഞ്ഞ വെള്ളമാണ് പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവർ ഉള്ള വീടുകളിൽ കയറിയത്. മഴ ഉണ്ടാക്കുന്ന ദുരിതത്തിനൊപ്പം പകർച്ചവ്യാധികൾ പടരുമെന്ന പേടിയും ജനങ്ങൾക്കുണ്ട്.

ബുധനാഴ്ച രാത്രിയോടെ ജലനിരപ്പ് ഉയര്‍ന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു. മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ നേരത്തേ വിള്ളലുണ്ടായ പ്രദേശത്താണ് വീണ്ടും വിള്ളല്‍ കൂടുതലായി രൂപപ്പെടുകയും ഇടിഞ്ഞു താഴുകയും ചെയ്തത്.

ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് ഇടിഞ്ഞ് താഴ്ന്നത്. മഴ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഏതുനിമിഷവും റോഡ് 30 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞുപോകുവാന്‍ സാദ്ധ്യതയുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ വിള്ളല്‍ രൂപപ്പെട്ടപ്പോൾ കരാര്‍ കമ്പനി ജീവനക്കാരുടെ നേതൃത്വത്തില്‍ വെള്ളമിറങ്ങി റോഡ് ഇടിയാതിരിക്കുന്നതിനായി സിമന്റ് പരുക്കന്‍ ഉപയോഗിച്ച് വിള്ളല്‍ അടയ്ക്കുകയും മുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നു. മഴ തുടർന്നതോടെ വീടും ഇടിഞ്ഞു താഴുകയായിരുന്നു.