സ്വാഭാവിക മരണം ഉൾക്കൊള്ളാൻ ശ്രമിക്കാം, എന്നാൽ ആത്മഹത്യയോ…? അഷ്റഫ് താമരശ്ശേരി

പ്രവാസികൾക്ക് കൈത്താങ്ങായി നിൽക്കുന്ന സാമൂഹ്യപ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. ഇപ്പോഴിതാ ആത്മഹത്യ ചെയ്ത മൂന്നു പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചതിനെക്കുറിച്ച് പറയുകയാണ് അഷ്റഫ്. ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാവുക എന്നുള്ളത് സ്വാഭാവികം മാത്രം. ഓരോരുത്തർക്കും ഓരോരോ പ്രശ്നങ്ങൾ… അവയെ സമചിത്തതയോടെ നേരിട്ട് മുന്നേറുന്നിടത്താണ് നമുക്ക് ജീവിതവിജയം നേടാനാകുന്നതെന്ന് അഷ്റഫ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ആറ് മൃതദേഹങ്ങളോടൊപ്പമാണ് ഇന്നത്തെ എന്റെ യാത്ര… അതിൽ മൂന്നും മലയാളികൾ… മൂന്നുപേരും ആത്മഹത്യ ചെയ്തവർ!! സ്വാഭാവികമായ മരണത്തെ നമുക്ക് ഉൾക്കൊള്ളാൻ ശ്രമിക്കാം… എന്നാൽ ആത്മഹത്യയോ…?ഈ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങളിൽ ഏത്തിച്ചേരുമ്പോൾ അവരുടെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ബന്ധുജനങ്ങളുടെയും മാനസികാവസ്ഥ എനിക്ക് ചിന്തിക്കാനാകുന്നതിലും അപ്പുറമായിരിക്കും… മരിച്ചവർക്ക് നഷ്ടമാകുന്നത് അവരുടെ ശിഷ്ടജീവിതമാണെങ്കിൽ ജീവിച്ചിരിക്കുന്നവർക്ക് വേദനതിന്ന് ജീവിക്കേണ്ടുന്ന അവസ്ഥയാണ് ഇത് വരുത്തിവയ്ക്കുന്നത്.

ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാവുക എന്നുള്ളത് സ്വാഭാവികം മാത്രം. ഓരോരുത്തർക്കും ഓരോരോ പ്രശ്നങ്ങൾ… അവയെ സമചിത്തതയോടെ നേരിട്ട് മുന്നേറുന്നിടത്താണ് നമുക്ക് ജീവിതവിജയം നേടാനാകുന്നത്. ഒറ്റക്കു നേരിടാൻ കഴിയാത്തിടത്ത് കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ സഹായം ഒരുപക്ഷെ വേണ്ടിവന്നേക്കാം. നമ്മൾ തോൽവി സമ്മതിച്ച് പിൻവാങ്ങുകയല്ല വേണ്ടത്. മറിച്ച്, നന്നായി ജീവിച്ച് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കണം. അതാകട്ടെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാവുന്ന നല്ല മാർഗ്ഗം.ആത്മഹത്യ ഒഴിവാക്കാൻ നമുക്കാക്കണം…ഒരു നിമിഷനേരത്തെ നമ്മുടെ തെറ്റായ തീരുമാനം സമൂഹത്തിൽ ബാക്കിയാക്കുന്നത് വളരെ ഗുരുതരമായ മുറിപ്പാടുകളാണ്. ഒരിക്കലും ഉണങ്ങാത്ത വ്രണമായി അത് സമൂഹത്തെ നോക്കി പല്ലിളിക്കും.

പൊതുവിൽ ഒറ്റയ്ക്ക് ജീവിക്കേണ്ടിവരുന്ന പ്രവാസികൾ കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരായിരിക്കും. അവരെ കാണാനും അവരുടെ പ്രശ്നങ്ങളെ കേൾക്കാനും പരിഹാരങ്ങളെ കണ്ടെത്താനുമുള്ള ഒരു നല്ല മനസ്സ് നമുക്കുണ്ടാകണം. നീ ഒറ്റക്കല്ല… ഞാനും… അല്ല ഞങ്ങളും നിനക്കൊപ്പമുണ്ട് എന്ന ബോദ്ധ്യം അവരിൽ വരുത്താൻ നമുക്കാക്കണം. അതല്ലെങ്കിൽ ഈ മരണത്തിനെല്ലാം അറിഞ്ഞോ അറിയാതെയോ നാമും ഉത്തരവാദിയാകും. ഒരാളെയെങ്കിലും ആത്മഹത്യാ മുനമ്പിൽ നിന്നും ജീവിതത്തിന്റെ പച്ചതുരുത്തിലേക്കു കൈ പിടിച്ചുകയറ്റാൻ നമുക്കായാൽ അത് ജന്മപുണ്യം. എനിക്കൊന്നേ പറയാനുള്ളൂ… മരിക്കാം… തമ്പുരാൻ നിശ്ചയിച്ചുറപ്പിച്ചു വിളിക്കുന്ന സമയത്തു മാത്രം. ദയവായി മരണസമയം ആരും സ്വയമേ കുറിക്കരുത്.