ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ല് ബുധനാഴ്ച സഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ല് ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ബില്ല് ബുധനാഴ്ച തന്നെ സബ്കമ്മറ്റിക്ക് വിടും. അടുത്ത ആഴ്ച ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിനുള്ള ബില്ല് നിയമസഭയില്‍ പാസാക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന അജണ്ട. മലയാളത്തിലും ഇംഗ്ലീഷിലും ബില്ല് അവതരിപ്പിക്കും.

സര്‍ക്കാര്‍ ബില്ല് അവരിപ്പിച്ചാലും ഗവര്‍ണര്‍ ഒപ്പ് വെക്കില്ലെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഒപ്പ് വെച്ചാല്‍ മാത്രമാണ് ബില്ല് നിയമമാകു. അതേസമയം ബില്ല് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകരാത്തിനായി നല്‍കാനാണ് സാദ്ധ്യത. ചാന്‍സലറുടെ നിയമനം അഞ്ച് വര്‍ഷത്തേക്ക് ആക്കണമെന്നാണ് ബില്ലില്‍ പറയുന്നത്. കാലാവധി കഴിഞ്ഞാല്‍ ഒരു തവണ പുനര്‍നിയമനം നല്‍കും.