ചെർക്കളം വിടവാങ്ങി

ചെർക്കളം വിടവാങ്ങി. മുസ്ലിംലീഗിന് നഷ്ടമാകുന്നത് കരുത്തുറ്റ സാരഥിയെ.

ചെർക്കളം വിടവാങ്ങുമ്പോൾ മുസ്ലിംലീഗിന് നഷ്ടമാകുന്നത് കരുത്തുറ്റ സാരഥിയെ.മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാവിലെയാണ്‌ അന്തരിക്കുന്നത്. കാസർഗോഡ് ജില്ലയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു നേതാവ് ഇല്ലെന്നുതന്നെ പറയാം . തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് ചെര്‍ക്കളം അബ്ദുള്ളയെ വ്യത്യസ്തനാക്കുന്നത്. ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗത്തോടെ ലീഗിനുണ്ടായത് നികത്താനാവാത്ത നഷ്ടമാണ്.നാലു തവണ മഞ്ചേശ്വരം എംഎല്‍എയായിരുന്നു.1987, 1991, 1996, 2001 കാലയളവില്‍ മഞ്ചേശ്വരം മണ്ഡലത്തേ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 19 വര്‍ഷം മഞ്ചേശ്വരം മണ്ഡലത്തിലെ എം.എല്‍.എ.യായിരുന്നു. 1987 ല്‍ ചെര്‍ക്കളം അബ്ദുള്ളയിലൂടെയാണ് മഞ്ചേശ്വരം ആദ്യമായി യുഡിഎഫിന്‍റെ കോട്ടയായി മാറിയത്. പിന്നീട് നാല് തവണ മഞ്ചേശ്വരത്ത് നിന്നും അദ്ദേഹം എംഎല്‍എയായി. 2006 ല്‍ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പുവിനോട് പരാജയപ്പെട്ടു. പിന്നീട്‌ മത്സരിച്ചിട്ടില്ല. ഇപ്പോള്‍ മുസ്ലീം ലീഗിന്‍റെ സംസ്ഥാന ട്രഷററാണ്.

2001 ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായി. 1942 സെപ്റ്റംബര്‍ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനിച്ച ചെര്‍ക്കളം അബ്ദുല്ല ചെറുപ്പം മുതല്‍ രാഷ്ട്രീയരംഗത്തുണ്ടായിരുന്നു.

കാസർകോട് സംയുക്‌ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, എംഇഎസ് ആജീവനാന്ത അംഗം, സിഎച്ച് മുഹമ്മദ് കോയ സെന്റർ ഫോർ ഡവലപ്പ്മെന്റ് എജുക്കേഷൻ സയൻസ് ആൻഡ് ടെക്‌നോളജി ചെയർമാൻ, കാസർകോട് മുസ്‌ലിം എജുക്കേഷനൽ ട്രസ്‌റ്റ് ട്രസ്‌റ്റി, ടി.ഉബൈദ് മെമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി, ചെർക്കളം മുസ്‌ലിം ചാരിറ്റബിൽ സെന്റർ ചെയർമാൻ, ചെർക്കള മുഹിയുദ്ദീൻ ജുമാമസ്‌ജിദ് പ്രസിഡന്റ്, മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ തുടങ്ങി നിരവധി മേഖലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

https://youtu.be/cOn1IHBfoEY