വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്ര കമ്പനിയില്‍ നിന്ന് പുറത്ത്

ഡൽഹി: വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് പുറത്താക്കി. സംഭവത്തിൽ ശങ്കര്‍ മിശ്രയെ ഇന്ന് വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കമ്പനി നടപടി എടുത്തത്.

കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര. കേസില്‍ നാല് എയര്‍ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുത്തു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ നടപടിക്കായി ഡിജിസിഎ മാര്‍ഗരേഖ പുറത്തിറക്കി. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, പൊതുഇടത്തില്‍ അപമര്യാദയായി പെരുമാറല്‍, എയര്‍ക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മിശ്രയ്ക്കെതിരെ കേസെടുത്തത്.

സംഭവം കമ്പനിയുടെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചതോടെ യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും നിയമപരമായ നടപടികളില്‍ വിട്ടുവീഴ്ച്ചപാടില്ലെന്നും എയര്‍ ഇന്ത്യ സിഇഒ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന് പരാതിക്കാരി നല്‍കിയ കത്ത് എഫ്ആര്‍ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റ് മാറ്റി നല്‍കാന്‍ പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും വിമാന ജീവനക്കാര്‍ സമ്മതിച്ചില്ല. ശങ്കര്‍ മിശ്രയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു.