എം.സി.ജോസഫൈന്‌ ചൊറിച്ചിലാണ്‌. പറ,കേൾക്കുന്നില്ല എന്നൊക്കെ പറയുന്നത്‌ കേട്ടാൽ അറപ്പും ഈർഷ്യയുമല്ലാതെ മറ്റൊന്നും തോന്നില്ല.

ഭർതൃവീട്ടിലെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് പരാതി നൽകിയ യുവതിയെ അപമാനിച്ച സംഭവത്തിൽ വനിത കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീകളെ മനസിലാക്കാത്ത വനിത കമ്മീഷൻ അദ്ധ്യക്ഷയെ എന്തിന് സഹിക്കണമെന്നാണ് സോഷ്യൽ മീഡിയ ഒന്നടക്കം ചോദിക്കുന്നത്. ഭർത്താവും അമ്മായിഅമ്മയും പീഡിപ്പിക്കുന്നു എന്ന്‌ പറയാൻ വേണ്ടി വിളിക്കുന്ന ഒരു സ്‌ത്രീയോട്‌, “ആരോടെങ്കിലും പരാതിപ്പെട്ടോ? ഇല്ലെങ്കിൽ ‘അനുഭവിച്ചോ’…” എന്ന്‌ പറയാനൊരു വനിത കമ്മീഷൻ അദ്ധ്യക്ഷ എന്തിനാണ്‌ ഇവിടെയെന്ന് ചോദിക്കുകയാണ് ഡോ. ഷിംന അസീസ്

കുറിപ്പിങ്ങനെ

അറിയാൻ വയ്യാഞ്ഞിട്ട്‌ ചോദിക്യാണ്‌.ഭർത്താവും അമ്മായിഅമ്മയും പീഡിപ്പിക്കുന്നു എന്ന്‌ പറയാൻ വേണ്ടി വിളിക്കുന്ന ഒരു സ്‌ത്രീയോട്‌, “ആരോടെങ്കിലും പരാതിപ്പെട്ടോ? ഇല്ലെങ്കിൽ ‘അനുഭവിച്ചോ’…” എന്ന്‌ പറയാനൊരു വനിത കമ്മീഷൻ അദ്ധ്യക്ഷ എന്തിനാണ്‌ ഇവിടെ?
ആ കോൾ തുടങ്ങുമ്പോൾ മുതൽ എം.സി.ജോസഫൈന്‌ ചൊറിച്ചിലാണ്‌. ‘പറ, കേൾക്കുന്നില്ല’ എന്നൊക്കെ പറയുന്നത്‌ കേട്ടാൽ അറപ്പും ഈർഷ്യയുമല്ലാതെ മറ്റൊന്നും തോന്നുന്നില്ല. ഇത്രക്ക്‌ സ്‌ത്രീവിരുദ്ധയായ ഒരുവളെ ആ കസേരയിൽ നിന്ന്‌ തൂക്കിയെടുത്ത്‌ ദൂരെക്കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെണ്ണിനെ മനസ്സിലാക്കാൻ പോയിട്ട്‌ മനുഷ്യത്വം പോലും ആ മുഖത്തെ ഒരു രോമകൂപത്തിൽ പോലും കാണാനില്ല.
ഒരാവശ്യത്തിന്‌ പോലീസ് സ്‌റ്റേഷനെ സമീപിച്ചാൽ ”അഡ്ജസ്‌റ്റ്‌ ചെയ്യ്‌ മോളേ, ശര്യാവും കുട്ടീ.. കുട്ടികളുടെ അച്‌ഛനല്ലേ”ന്ന്‌ പറയും. വനിത കമ്മീഷനോട്‌ പറയാന്ന്‌ വെച്ചാൽ “എന്നാൽ പിന്നെ അനുഭവിച്ചോട്ടോ” എന്ന്‌ പറയും, പരാതിപ്പെടുന്നതിനെ പോലും നിരുത്സാഹപ്പെടുത്തലും, രേഖ മുക്കലും, ആൺ സ്വാധീനങ്ങളും ആൺലോകവും…

പെണ്ണിന്‌ നീതി കിട്ടിയത്‌ തന്നെ !!’വനിതാകമ്മീഷൻ അദ്ധ്യക്ഷയോട്‌ വിശദീകരണം തേടുക’ എന്ന അവർ പാടേ തകർന്ന്‌ പോയേക്കാവുന്ന വൻശിക്ഷ വിധിക്കാതെ, ക്യാമറ മുന്നിലുണ്ടായിട്ട്‌ പോലും ഇജ്ജാതി പെർഫോമൻസ്‌ കാഴ്‌ച വെച്ച എം.സി.ജോസഫൈനെ തൽസ്‌ഥാനത്ത്‌ നിന്ന്‌ നീക്കിയെങ്കിലും സ്‌ത്രീപക്ഷത്തോടൊപ്പം നിന്ന്‌ സർക്കാർ മാതൃക കാണിക്കണമെന്ന്‌ അപേക്ഷിക്കുന്നു. വനിതകളുടെ തലൈവി പോലും. എന്താണോ, എന്തിനാണോ !!