കടുത്ത വെല്ലുവിളിയുമായി ‘ആദ്യ സ്ഫോടനം കൊച്ചിയിൽ’

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സന്ദേഹവും കടുത്ത വെല്ലുവിളിയും ഉയർത്തി അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാർഡിൽ അജ്ഞാതൻ നുഴഞ്ഞുകയറി. തുടർന്ന് മേയ് 22 ന് യാർഡിൽ പാർക്ക് ചെയ്തിരുന്ന ‘പമ്പ’ എന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ളീഷിൽ പല നിറത്തിലുള്ള സ്‌പ്രേ പെയിന്റുകൊണ്ട് ‘ആദ്യ സ്ഫോടനം കൊച്ചിയിൽ’ എന്ന ഭീഷണിസന്ദേശം എഴുതിവച്ചു.

രാജ്യദ്രോഹത്തിന് കേസെടുത്തെങ്കിലും സംഭവം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്ക് ഒപ്പമാണ് ലിഖിതങ്ങൾ എഴുതിയത്. ഈ ട്രെയിനിന്റെ സർവീസുകൾ നിറുത്തിവച്ചു. കൊച്ചി സിറ്റി പൊലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച് ഒന്നും വെളിവാക്കിയിട്ടില്ല. മെട്രോ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്.

എറണാകുളം – ആലുവ റൂട്ടിൽ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറി​ലുളള മുട്ടം മെട്രോ യാർഡ്. സർവീസിനുശേഷം എല്ലാ ട്രെയിനുകളും യാർഡിലെത്തിച്ച് ദിവസവും പരിശോധനകൾ നടത്തും. യാർഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതിൽക്കെട്ടിനു മുകളിൽ കമ്പി വേലിയും സ്ഥാപിച്ചിട്ടുണ്ട്. യാർഡിനോട് ചേർന്ന് ജീവനക്കാരുടെ ക്വാർട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്.