മൂന്ന് ദിവസം മുൻപ് ഫോൺ വിളിച്ചതേയുള്ളൂ, ഈ മരണം എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല- കെ.എസ് ചിത്ര

​ഗായിക വാണി ജയറാമിന്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി കെഎസ് ചിത്ര. അപ്രതീക്ഷിതമാണ് വിയോഗമെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും ചിത്ര പറഞ്ഞു. മൂന്ന് ദിവസം മുൻപ് എന്നെ ഫോണിൽ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷൺ കിട്ടിയതിന് അമ്മയെ ഞങ്ങൾ ആദരിച്ചു. ഒരു സാരി ഞാൻ സമ്മാനമായി നൽകിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകൾ നൽകിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാൽ മതി പെട്ടന്ന് പഠിച്ചെടുക്കും. തമിഴിൽ ഞാൻ ഏറ്റവു കൂടുതൽ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല ഈ മരണം” – കെ.എസ് ചിത്ര പറഞ്ഞു.

ഭർത്താവിന്റെ മരണശേഷം മൂന്നു വർഷമായി ഒറ്റക്ക് താമസിച്ച് വരുകയായിരുന്ന പ്രശസ്ത ഗായിക വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിൽ ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തുന്നത്. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അവർ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു വിളിച്ചു വരുത്തുകയാണ് ഉണ്ടായത്.

ബന്ധുക്കൾ വന്നു വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കടക്കുമ്പോൾ വാണി ജയറാമിനെ നിലത്തുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനു സമീപത്ത് കിടന്ന ടീപ്പോയയിൽ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു പിന്നെ. ഈ വർഷം വാണി ജയറാമിന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടി സിനിമ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായികയെ ആണ് രാജ്യത്തിനു നഷ്ടമായത്.