നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്‌സ് ചെയ്യാന്‍ തോന്നും, ഇതാണ് അവസ്ഥ; ഭാര്യ പ്രിയയെ കുറിച്ച് ചാക്കോച്ചന്‍

മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. പ്രിയയെ വിവാഹം ചെയ്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവര്‍ക്കും ജീവിതത്തില്‍ മധുരം പകര്‍ന്ന് മകന്‍ ഇസയുടെ ജനനം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയയും ആയുള്ള പ്രണയത്തെ കുറിച്ച് താരം മനസ് തുറന്നിരുന്നു. പ്രിയയുമായി നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയയെ വിവാഹം കഴിക്കുന്നത്. ഒരു ഒട്ടൊഗ്രാഫ് വാങ്ങുവാന്‍ എത്തി ജീവിതത്തിലേയ്ക്ക് കടന്നു വന്ന ആ പ്രണയത്തെക്കുറിച്ച് കുഞ്ചാക്കോ മുന്‍പും തുറന്നു പറഞ്ഞിട്ടുണ്ട്.

നീണ്ട മുടി, വലിയ കണ്ണുകള്‍, ശാലീനസുന്ദരി, രാവിലെ ചായയുമായി ഉണര്‍ത്താന്‍ വരണം, വൈകുന്നേരം മടിയില്‍ കിടത്തി പാട്ടു പാടിത്തരണം എന്നൊക്കെയായിരുന്നു തന്റെ ഭാവി വധുവിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന സ്വപ്നങ്ങള്‍ എന്ന് ചാക്കോച്ചന്‍ പറയുന്നു. എന്നാല്‍ അങ്ങനെ ഒന്നുമുള്ള പെണ്‍കുട്ടിയെയല്ല ഞാന്‍ കെട്ടിയത്. നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്‌സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി.. പക്ഷേ, ജീവിതത്തില്‍ അതില്‍ ഒന്നുമല്ല കാര്യം എന്ന് ഭാര്യ പ്രിയ എന്നെ പഠിപ്പിച്ചുവെന്നും കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചു. ഇസഹാക്ക് ജീവിതത്തിലേക്ക് എത്തിയ ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റങ്ങളും അനുഭവിച്ച മാമസിക സംഘര്‍ഷങ്ങളും തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍ രംഗത്ത് എത്തിയിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സന്തോഷത്തേക്കാളേറെ തനിക്ക് ഏറെ സമാധാനമാണിപ്പോള്‍ തോന്നുന്നത്. എന്നേക്കാളേറെ അനുഭവിച്ചത് പ്രിയയാണ്. പ്രിയയുടെ ആ വിഷമം മാറിയതില്‍ ഒരുപാട് സന്തോഷമുണ്ട്. സ്ത്രീയായതിനാല്‍ പ്രിയക്ക് ഒരുപാട് ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. ചോട്ടയാണ് (ഇസ) ഇപ്പോള്‍ ഞങ്ങളുടെ ജീവിതം തീരുമാനിക്കുന്നത്. മകനാണ് രാജാവ്. പണ്ട് ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം നേരെ ഉറക്കത്തിലേക്ക് വീഴും. പിറ്റേന്ന് രാവിലെ പതിവ് പോലെ ഷൂട്ടിങ്ങിന് പോകും. എന്നാലിപ്പോള്‍ ഞങ്ങള്‍ എപ്പോള്‍ ഉറങ്ങണമെന്ന് പോലും ചിന്തിക്കുന്നത് ഇസയാണ്. ഞാന്‍ ജോലി ചെയ്ത് തളര്‍ന്ന് കിടന്നാലും ഉപബോധ മനസില്‍ മകനെക്കുറിച്ചുള്ള ചിന്തയാണ്. അവന്റെ ചെറിയൊരു അനക്കം പോലും എന്നെ ഉണര്‍ത്തും. ഉറക്കം ഇപ്പോള്‍ പേരിന് മാത്രമാണ്. എങ്കിലും ഞാന്‍ ജീവിതത്തിലെ ഈ കാലഘട്ടം ഏറെ ആസ്വദിക്കുന്നുണ്ട്.

പ്രിയയ്ക്ക് പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. പെണ്‍കുഞ്ഞാണെങ്കില്‍ പലതരം കുഞ്ഞുടുപ്പുകളും ആഭരണങ്ങളുമൊക്കെ അണിയിക്കാന്‍ പ്രിയക്ക് കൊതിയായിരുന്നു. ചിലനേരത്തെ ഇസയ്ക്ക് പൊട്ട് കുത്തുന്നതൊക്കെ കാണാം. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് കുഞ്ഞുണ്ടായത്. ഈ നല്ല വാര്‍ത്ത പുറത്തുവന്നതിന് ശേഷം ഒരുപാട് പേരാണ് എന്റെ നമ്പര്‍ കണ്ടെത്തി വിളിക്കുന്നത്. അടുത്തിടയ്ക്ക് യുഎസിലുള്ള ഒരു ഡോക്ടര്‍ എന്നെ വിളിച്ചു, അദ്ദേഹത്തിന്റെ സഹോദരിക്ക് കുട്ടികളില്ല. എന്റെ ഡോക്ടറുടെ നമ്പര്‍ തരാമോയെന്ന് ചോദിച്ചു. കഴിഞ്ഞ മാസം സഹോദരി ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അദ്ദേഹം എനിക്ക് മെസേജ് ചെയ്തു. വിവാഹത്തിന്റെ മൂന്നാം വര്‍ഷമൊക്കെ ആകുമ്പോഴേക്കും കുഞ്ഞുങ്ങളില്ലെങ്കില്‍ ദമ്പതികള്‍ വിഷമിക്കാന്‍ തുടങ്ങും. ഞങ്ങള്‍ കാത്തിരുന്നത് 14 വര്‍ഷമാണ്. കുട്ടികളില്ലാത്തവര്‍ക്ക് പ്രതീക്ഷയുടെ ഒരു കിരണം കൂടിയാണ് ഇസ.