കൊറോണയെ നേരിടാന്‍ അടച്ചുപൂട്ടല്‍ മാത്രം പോര: ലോകാരോഗ്യ സംഘടന

ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. അതിനെ പ്രതിരോധിക്കാനായി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ലോക്ക് ഡൗണ്‍. കേരളത്തിലും ഇന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍. മാര്‍ച്ച് 31 വരെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍.

ലോക്ക് ഡൗണ്‍ എന്നറിയപ്പെടുന്ന അടച്ചുപൂട്ടല്‍ കൊണ്ട് കൊറോണ വൈറസിനെ തോല്‍പ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ( ഡബ്ലിയു എച്ച് ഒ) എമര്‍ജന്‍സി വിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടു. വൈറസ് പിന്നീട് വീണ്ടും തിരിച്ചുവരുന്നത് തടയാന്‍ ശക്തമായ പൊതുജനാരോഗ്യ നടപടികളും നയങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി എക്സ്പെര്‍ട്ട് ആയ മൈക്ക് റയാന്‍ ആണ് ഈ നിലപാട് മുന്നോട്ട് വച്ചത്. നമ്മള്‍ ശരിക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് രോഗികളായവരെയും വൈറസ് ബാധിച്ചവരെയും കണ്ടെത്തുകയും അവരെ ഐസൊലേഷനിലാക്കുകയും അവര്‍ ബന്ധപ്പെട്ടവരെ കണ്ടെത്തി അവരെയും ഐസൊലേറ്റ് ചെയ്യുക എന്നതിതിനാണ്.

ഇപ്പോള്‍ നടപ്പാക്കുന്ന അടച്ചിടലുകള്‍ അഥവാ ലോക്ക് ഡൗണുകള്‍ കൊണ്ടുള്ള അപകടം ശക്തമായ പൊതുജനാരോഗ്യ നടപടികള്‍ ഇല്ലാതാവകുയും നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും മാത്രം ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതാവും. അവ നീക്കംചെയ്യുമ്പോള്‍, രോഗം വീണ്ടും ഉയര്‍ന്നു വരും. – മൈക്ക് റയാന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ വിവിധ രാജ്യങ്ങള്‍ ലോക് ഡൗണ്‍ നടപ്പാക്കി രോഗത്തെ നേരിടുകയാണ്. അതിര്‍ത്തികളടച്ചും വിമാനത്താവളങ്ങള്‍ അടച്ചും. റോഡ്, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചും കടകമ്പളോങ്ങള്‍ നിയന്ത്രിച്ചുമൊക്കെ കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമമാണ് ലോകമൊട്ടാകെ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത് കൊണ്ട് മാത്രം പ്രശ്ന പരിഹാരം ഉണ്ടാകില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധന്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.