മറ്റൊരാളെ താഴ്ത്തിക്കെട്ടില്ല, മുന്നിലിരിക്കുന്നയാളെ ബഹുമാനിക്കാനാണ് വീട്ടില്‍ നിന്നും പഠിപ്പിച്ചത്; വിവാദത്തിന് മറുപടിയുമായി ശ്രീനാഥ് ഭാസി

ഒരിക്കലും മറ്റൊരാളെ ബുദ്ധിമിട്ടിക്കണമെന്ന ചിന്ത തനിക്കില്ലെന്ന് യുവ നടന്‍ ശ്രീനാഥ് ഭാസി. ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ചോദ്യം ചെയ്യൽ അധികം വൈകില്ല. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്.

താനും റേഡിയോ ജോക്കി ആയിരുന്ന ആളാണ്. തന്റെ മുന്നിലിരിക്കുന്ന ആളെ ബഹുമാനിക്കണമെന്നാണ് തന്നെ വീട്ടില്‍ പഠിപ്പിച്ചിട്ടുള്ളതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ‘ഒരിക്കലും മറ്റൊരാളുടെ ജോലിയെ താഴ്ത്തിക്കെട്ടി താന്‍ സംസാരിക്കില്ല. ഇന്റര്‍വ്യൂകളില്‍ ചെറിയ രീതിയില്‍ തന്നെ ദ്രോഹിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ അറിയാതെ ദേഷ്യം വന്നുപോകുന്നതാണ്. അത് നല്ല കാര്യമല്ല. അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയല്ല ആ സമയത്ത് ചെയ്യേണ്ടത്. അങ്ങനെ സംഭവിച്ച് പോയതില്‍ തനിക്ക് അതിയായ ദുഃഖമുണ്ട്. അതില്‍ ക്ഷമയും ചോദിക്കുന്നു’, ശ്രീനാഥ് ഭാസി  പറഞ്ഞു.

അവതാരകയോട് ക്ഷമ ചോദിക്കാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ അവര്‍ അവിടെ വന്നിട്ട് പ്രകോപനപരമായാണ് സംസാരിച്ചത്. താനാരാണ് എന്നൊക്കെ ചോദിച്ച് വീണ്ടും ബഹളമായി. അങ്ങനൊരു സാഹചര്യത്തില്‍ ക്ഷമാപണം നടത്താന്‍ തനിക്ക് സാധിച്ചില്ലെന്നും ഭാസി പറഞ്ഞു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് നല്ലൊരു സിനിമയെ നശിപ്പിക്കരുതെന്നും ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തിങ്കളാഴ്ച പ്രാഥമിക മൊഴിയെടുക്കാനാണ് തിരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. അതുകൊണ്ടുതന്നെ സി സി ടി വി ദിശ്യങ്ങൾ പൊലീസ് പരിശോധിക്കിനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുക. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുമെന്ന് ചട്ടമ്പി സിനിമുയുടെ അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.