രണ്ട് മാസത്തിനിടയില്‍ കേരളത്തില്‍ വ്യാപകമായി ഹവാല പണമിടപാട് നടന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന

കോഴിക്കോട്. കേരളത്തില്‍ രണ്ട് മാസത്തിനിടെ വ്യാപകമായി ഹവാല പണമിടപാട് നടന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. സംസ്ഥാനത്ത് ഈ കാലയളവില്‍ 264 കോടിയുടെ ഹവാല ഇടപാടുകള്‍ നടന്നതായിട്ടാണ് ഉദ്യാഗസ്ഥരുടെ വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളുമായി ഇതിന് ബന്ധമുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.

ഇക്കാലയളവില്‍ കേരളത്തിലേക്ക് ഉത്തരേന്ത്യയില്‍ നിന്നും പണം എത്തിയതായിട്ടാണ് വിവരം. ലഭിച്ച വിവരം ഇഡിക്ക് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കൈമാറും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. കേസിന്റെ ഭാഗമായി വിവിധ അക്കൗണ്ടുകള്‍ കൂടുതലായി പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇത്തരം കാര്യങ്ങളില്‍ പരിമിതികളുണ്ട് ഇതാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറാന്‍ കാരണം.

പണം വിവിധ വ്യക്തികളുടെ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. പണത്തിന് ആവശ്യമുള്ളവരെ കണ്ടെത്തി പണം അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. തുടര്‍ന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് അന്ന് തന്നെ ട്രാന്‍സ്ഫര്‍ ചെയ്യും. പ്രതിഫലമായി അക്കൗണ്ട് ഉടമയ്ക്ക് 10000 മുതല്‍ 20000 രൂപവരെയാണ് നല്‍കുന്നത്.