സ്ത്രീകൾ കാല് ഉയർത്തി ഇരിക്കാൻ പാടില്ലെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരൻറെ അധിക്ഷേപം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഡോ.അജിത്ര

സ്ത്രീകൾ കസേരയിൽ കാല് ഉയർത്തി ഇരിക്കാൻ പാടില്ലെന്നു പിജി വിദ്യാർത്ഥി നേതാവിന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ താക്കീത്. അഡീഷ്ണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്‌ക്കെത്തിയ കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിതയെ ആണ് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് അജിത്ര പറഞ്ഞു.

ഇന്ന് 12 മണിക്കായിരുന്നു ഡോ.അജിത്ര അഡീഷ്ണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാനായി എത്തിയത്. ആശാ തോമസിനെ കാണാനായി പുറത്ത് കാത്തിരുന്നപ്പോഴാണ് അജിത്ര കാൽ കയറ്റിവച്ച് ഇരുന്നത്. അപ്പോഴാണ് ഐഡി കാർഡ് ഇട്ട സെക്രട്ടേറിയറ്റ് ജീവനക്കാരൻ അജിത്രയുടെ എടുത്ത് എത്തിയത്. ‘വലിയ ആളുകൾ വരുന്ന സ്ഥലാണ് ഇതെന്നും കാൽ കയറ്റി വയ്ക്കരുതെന്നും ‘ ജീവനക്കാരൻ പറഞ്ഞു. സ്ത്രീകൾ കാൽ കയറ്റി വയ്ക്കാൻ പാടില്ലേ എന്ന് അജിത്ര മറു ചോദ്യം ഉന്നയിച്ചപ്പോൾ എന്നാൽ വസ്ത്രം ധരിക്കാതെ ഇരിക്കാൻ പറയുകയായിരുന്നു ജീവനക്കാരൻ.

അഡീഷ്ണൽ ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയ, പിജി ഡോക്ടർമാരുടെ സമരം മുന്നിൽ നിന്ന് നയിച്ച തനിക്ക് ഇതാണ് അനുഭവമെങ്കിൽ മറ്റ് സാധാരണക്കാരായ സ്ത്രീകൾക്ക് എന്തെല്ലാം കേൾക്കേണ്ടി വരുമെന്ന് അജിത്ര ചോദിക്കുന്നു.