അസ്മിയക്ക് വേണ്ടി രംഗത്ത് വന്നവർ സംഘ്പരിവാർ പ്രവർത്തകരോ അത്തരം മനോഭാവമുള്ളവരോ

ബാലരാമപുരത്ത് മതപഠനശാലയിൽ 17കാരി അസ്മിയ മോൾ ദുരൂഹമായി മരിച്ചതുമായി ബന്ധപ്പെട്ട്  യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം കാര്യങ്ങളിൽ സംഘപരിവാറുകാർ ഇടപെട്ടെ അഭിപ്രായം പറയണ്ട എന്ന രീതിയിലാണ്‌ പി കെ ഫിറോസ്.  ഇസ്ളാമിക മത പാഠ ശാലയിൽ പെൺകുട്ടി ദുരൂഹമായി മരിച്ചാൽ അത് പോലീസ് അന്വേഷിക്കുന്നുണ്ട്. അവർ നടപടി എടുത്തോളും. മത പാഠശാലയിൽ അസ്മിയ എന്ന പെൺകുട്ടി ദുരൂഹമായി മരിച്ചതിനെ വിമർശിക്കുന്ന സംഘപരിവാറുകാർ മുസ്ളീം വിരുദ്ധതയാണ്‌ പ്രചരിപ്പിക്കുന്നത് എന്നും മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ഒരു കാരണം കൂടി ഉണ്ടാക്കണം എന്നും പി കെ ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ ഫോസ്ബുക്ക് പോസ്റ്റിലേക്ക്

തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള ഒരു മതപാഠശാലയിൽ അസ്മിയ എന്ന പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. അതിന്റെ സത്യാവസ്ഥ പുറത്ത് വരട്ടെ. മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് പരമാവധി ശിക്ഷ നൽകണം എന്ന കാര്യത്തിൽ ആർക്കെങ്കിലും രണ്ടഭിപ്രായമുണ്ടാകുമെന്ന് കരുതുന്നില്ല.

എന്നാൽ ഈ സംഭവമുയർത്തിക്കാണിച്ച് കത്വയിലെ പെൺകുട്ടിക്ക് വേണ്ടി പ്രതിഷേധിച്ചവർ ഇന്ന് എവിടെ എന്ന ചോദ്യവുമായി ചിലർ രംഗത്ത് വരുന്നത് കാണുന്നുണ്ട്. അവർ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സംഘ്പരിവാർ പ്രവർത്തകരോ അത്തരം മനോഭാവമുള്ളവരോ ആണ് അക്കൂട്ടർ. കത്വയിലെ കുഞ്ഞിനെ കൊന്ന പ്രതികൾക്ക് വേണ്ടി ബി.ജെ.പിയുടെ രണ്ട് മന്ത്രിമാർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

അവർ ദേശീയ പതാക പിടിച്ചാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്. അവർ കാശ്മീർ ഭരിക്കുന്നവർ മാത്രമായിരുന്നില്ല, രാജ്യം ഭരിക്കുന്നവർ കൂടിയായിരുന്നു. അവർ ബി.ജെ.പി നേതാക്കളായിരുന്നു. ആ പാവം കുഞ്ഞിനെ പിച്ചിച്ചീന്തി കഴുത്തിൽ ദുപ്പട്ട മുറുക്കി കൊന്നു കളഞ്ഞത് ആ സമുദായത്തെ മുഴുവൻ ഭീതിയിലാഴ്ത്താനാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ജമ്മു&കാശ്മീരിലെ ബി.ജെ.പിയുടെ സ്വാധീനത്തിലുള്ള ബാർ അസോസിയേഷൻ ഇരകൾക്ക് വേണ്ടി അഭിഭാഷകരാരും കോടതിയിൽ ഹാജരാകരുതെന്ന് പറഞ്ഞിരുന്നു. ഒടുവിൽ ഹാജരായ ദീപികസിംഗിനെ ഭീഷണിപ്പെടുത്തിയിരുന്നു.

ഭരണകക്ഷി മന്ത്രിമാരടക്കം പ്രതികളെ സംരക്ഷിക്കാൻ പരസ്യമായി രംഗത്തിറങ്ങുന്ന സാഹചര്യവുമായി ബാലരാമപുരത്തെ കാണാനാവുമോ? രാജ്യം മുഴുവൻ പ്രതിഷേധമുയർന്നില്ലായിരുന്നെങ്കിൽ ആ കേസ് തേഞ്ഞ് മാഞ്ഞു പോവില്ലായിരുന്നോ? പ്രതികൾ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുമെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാകുമോ?ഇത് ഉദ്ദേശ്യം വേറെയാണ്. മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ഒരു കാരണം കൂടി ഉണ്ടാക്കണം. മദ്രസകൾക്കെതിരായ പ്രചരണം ഇതിന്റെ മറവിൽ ശക്തിപ്പെടുത്തണം.

താൻ അധികാരത്തിലേറിയപ്പോൾ 600 മദ്രസകൾ പൂട്ടിയെന്നും ഒരു വർഷത്തിനുള്ളിൽ 300 എണ്ണം കൂടി പൂട്ടുമെന്നും പ്രഖ്യാപിച്ചത് അസം മുഖ്യമന്ത്രിയാണ്. അയാൾ ബി.ജെ.പിക്കാരനാണ്. ഇതൊക്കെ ഇവിടെയുള്ളവർക്ക് മനസ്സിലാക്കാനാവുമെന്നത് സംഘികൾ ഓർത്താൽ നന്ന്. കാരണം ഇത് സ്ഥലം വേറെയാണ്. നിങ്ങൾക്ക് ആനമുട്ട സമ്മാനിച്ച നാടാണ്. കേരളമാണ്