സ്വന്തം അമ്മയെ സ്നേഹിക്കാൻ ഒരു ദിനത്തിന്റെ ആവശ്യം ഇല്ല, ഒരു ചിരിയും ചേർത്ത് പിടിക്കലും മതി

ഞങ്ങൾ അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ആയി ഒരു ദിനം ഇല്ലേലും കുഴപ്പമില്ല. ബലാൽസംഗം ചെയ്യാതിരിക്കാവോ? ഗാർഹിക പീഢനവും തെറിവിളിയും നിർത്താമോ? കുഞ്ഞുങ്ങളേ ഉപദ്രവിക്കാതിരിക്കാമോ? അന്ന് ഞങ്ങൾ ഇത്തരം ദിനങ്ങൾ ആഘോഷിക്കാം..അന്ന് ഞാൻ മാതൃദിനം ആഘോഷിക്കാം..മാതൃദിനത്തിൽ വ്യത്യസ്ഥമായ ചിന്തകൾ പങ്കുവയ്ക്കുകയാണ്‌ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി. മാതൃ ദിനത്തിൽ ഭാഗ്യ ലക്ഷ്മി പങ്കുവയ്ക്കുന്ന ചിന്തകൾ ഇങ്ങിനെ

എഴുതിയതും പറഞ്ഞതുമായിട്ടുളള കാര്യങ്ങൾ തന്നെയാണ്..പക്ഷെ ഇടക്കിടെ ഒരു ഓർമ്മപ്പെടുത്തൽ. നല്ലതാണെന്ന് ഞാൻ എന്നോട് തന്നെ പറയും,ഇന്ന് മദേഴ്സ് ഡേ…രാവിലെ മുതൽ കുറേ വാചകങ്ങൾ, ഫോട്ടോകൾ, അമ്മയുടെ മഹത്വത്തെ പറ്റി. അമ്മ എനിക്ക് ആരാണ് ആരായിരുന്നു എന്ന് മനസ്സിലാക്കിത്തരാൻ പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമൊന്നുമില്ല.

പക്ഷെ പഴയ അമ്മയാണോ ഇന്നത്തെ കാലത്തെ അമ്മ എന്ന് ഞാൻ ചിലപ്പോൾ ഓർത്തുനോക്കും.ഓരോ ദിവസത്തെ പത്രവാർത്തകൾ കാണുമ്പോൾ.. അമ്മ സ്വന്തം കുഞ്ഞിനെ ചുമരിൽ എറിഞ്ഞു കൊന്നു, കാമുകന് വേണ്ടി സ്വന്തം കുഞ്ഞിന് വിഷം കൊടുത്തു കൊന്നു, പട്ടിക്കൂട്ടിൽ പട്ടിണിക്കിട്ടു,തെരുവിൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു, സ്വന്തം മകളെ അമ്മ പലർക്കും കൂട്ടിക്കൊടുത്തു…ഇങ്ങനെ നീളുന്ന വാർത്തകൾ.

മറ്റൊരു വശത്ത് സ്വന്തം അമ്മയെ വീട്ടിൽ നിന്ന് അടിച്ചിറക്കി,മക്കൾക്ക് വേണ്ടാത്ത അമ്മയെ ക്ഷേത്ര നടയിൽ ഉപേക്ഷിച്ചു, എയർപോർട്ടിൽ ഉപേക്ഷിച്ചു,വൃദ്ധസദനത്തിൽ കൊണ്ടാക്കി, ഇതിലെ അർത്ഥങ്ങളും അനർത്ഥങ്ങളും കാരണങ്ങളും ചിന്തിച്ചു നോക്കും..കേരളത്തിലാണത്രേ ഏറ്റവുമധികം വൃദ്ധസദനങ്ങൾ ഉളളത്, കേരളത്തിൽ ആണത്രെ ഏറ്റവുമധികം പീഡനങ്ങൾ സംഭവിക്കുന്നത്. അതേ കേരളത്തിൽ തന്നെയാണ് ഏറ്റവുമധികം “WOMEN’S DAY”, “MOTHER’S DAY” സന്ദേശങ്ങളും പ്രചരിക്കുന്നത്.. ബഹുമാനിച്ചില്ലെങ്കിലും വേണ്ട, സ്ത്രീകൾക്ക് മാത്രമായി അമ്മമാർക്ക് മാത്രമായി ഒരു ദിവസം തന്നില്ലെങ്കിലും സാരമില്ല,ആദ്യം സ്ത്രീകളെ ബലാൽസംഗം ചെയ്യാതിരിക്കാൻ പറ്റ്വോ? ഗാർഹികപീഡനം അവസാനിപ്പിക്കാൻ പറ്റ്വോ? തെറിവിളിക്കാതിരിക്കാനെങ്കിലും പറ്റ്വോ?
വൃദ്ധസദനങ്ങൾ ഇല്ലാതെയാക്കാൻ പറ്റ്വോ?
പിഞ്ചു കുഞ്ഞുങ്ങളെ ഉപദ്രവിക്കാതിരിക്കാൻ പറ്റ്വോ?
അന്ന് ഞാൻ ശിശുദിനം ആഘോഷിക്കാം
അന്ന് അന്ന് ഞാൻ വനിതാ ദിനം ആഘോഷിക്കാം,
അന്ന് ഞാൻ മാതൃദിനം ആഘോഷിക്കാം. സ്വന്തം അമ്മയെ സ്നേഹിച്ചാൽ മതി. അതിനിപ്പൊ ഒരു പ്രത്യേക ദിവസമൊന്നും വേണ്ടാന്നെ. ഒരുകരുതൽ, ഒരു ചിരി , ഒരു ചേർത്ത് പിടിക്കൽ .അത് മതി