യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,88,000 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി.

18 – 19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധനവ് ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.

ഭിന്നലിംഗകാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേർ പട്ടികയിൽ ഉണ്ട്. ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.