പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വീണ്ടും വിജയത്തിലേക്ക്

LDF സർക്കാർ ആരംഭിച്ച നാലുമിഷനുകളിൽ ഒന്നാണ് ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം’. മിഷനുകൾ നവകേരള സൃഷ്ടിക്കുള്ള കർമ്മപദ്ധതികളാണ്. അതു തെളിയിക്കുകയാണ് വിദ്യാഭ്യാസമേഖലയിലെ മിഷന്റെ പ്രവർത്തനങ്ങൾ. ഈ അദ്ധ്യയനവർഷം (2017-18) ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിൽ 1,85,976 വിദ്യാർത്ഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തി. കഴിഞ്ഞവർഷം 1,45,208 ആയിരുന്നു. രണ്ടുവർഷവും കൂടിച്ചേർന്നാൽ 3,31,184.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചതുമുതൽ, അഥവാ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ, വിദ്യാഭ്യാസമേഖലയിലെ നടപടികൾ രാജ്യത്താകെ മാതൃകാപരമാണ്. 25 വർഷത്തിനിടയിൽ ആദ്യമായി മുൻവർഷത്തേക്കാൾ വിദ്യാർത്ഥികൾ വർദ്ധിച്ചു. ഒന്നാംക്ലാസ്സിൽ എല്ലാ ജില്ലകളിലും വിദ്യാർത്ഥികൾ വർദ്ധിച്ചു. സർക്കാർ വിദ്യാലയങ്ങളിൽ 6.3 ശതമാനവും സ്വകാര്യമേഖലയിൽ 5.4 ശതമാനവും വിദ്യാർത്ഥികളുടെ വർദ്ധനവാണ് ഉണ്ടായത്. ഇതിന്റെ മറുവശം അൺ എയ്ഡഡ് മേഖലയിൽ 8 ശതമാനം വിദ്യാർത്ഥികൾ കുറഞ്ഞുവന്നതാണ്. പൊതുവിദ്യാലയങ്ങൾ എന്നത് സർക്കാരും എയ്ഡഡും ഉൾപ്പെടുന്നതാണ്. എന്നാൽ അൺ-എയ്ഡഡ് ഉൾപ്പെടുന്നില്ല. ‘എൻ കുഞ്ഞിനിംഗ്ലീഷ് പഠിക്കാൻ ഭാര്യതൻ പേറങ്ങിഗ്ലണ്ടിലാക്കി’ എന്ന കുഞ്ഞുണ്ണിയുടെ പരിഹാസക്കവിതയെ ഓർമ്മപ്പെടുത്തുന്ന വിധത്തിലായിരുന്നു അൺഎയ്ഡഡ് മേഖലയോടുള്ള മലയാളിയുടെ കമ്പം.

എന്തുകൊണ്ട് പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടി? അതിനുത്തരം സർക്കാർ ആരംഭിച്ച ഗുണമേന്മാ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളാണ്. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസപദ്ധതിയാണ് നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികൾ മിടുക്കന്മാരായി മാറി. ചുരുക്കത്തിൽ എണ്ണത്തിൽ മാത്രമല്ല, ഗുണത്തിലും മുന്നേറ്റം. എസ്.എസ്.എൽ.സി. പാസ്സായ എല്ലാവർക്കും പ്ലസ് ടുവിനോ മറ്റിതര കോഴ്‌സുകൾക്കോ ചേർന്ന് പഠിക്കാനുള്ള സീറ്റുകൾ ലഭ്യമാക്കി. മലബാർ മേഖലയിൽ മാത്രം ഈ വർഷം 13923 സീറ്റുകൾ വർദ്ധിപ്പിച്ചു. ലോകകപ്പ് ഫുട്‌ബോളിൽ കേന്ദ്രീകരിക്കുന്ന മലയാളികൾ ഈ ജനകീയ പരിപാടിയെ മറന്നുപോകരുത്. ഓർക്കുക- വിദ്യ സർവ്വധനാൽ പ്രധാനമാണ്. അത് സൗജന്യമായും നിർബന്ധമായും സാർവ്വത്രികമായും സ്വന്തമാക്കാൻ ഇടതുപക്ഷസർക്കാർ കുട്ടികൾക്കൊപ്പമാണ്, രക്ഷിതാക്കൾക്കൊപ്പമാണ്.

– എം.വി. ജയരാജൻ