വിദ്യയുടെ മരണത്തിലെ പരാതിയിൽ അന്വേഷണം നടത്താതെ പോലീസ്, മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം

ആലപ്പുഴ : അഞ്ചു വയസുകാരിയായ മകൾ നക്ഷത്രയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. മാവേലിക്കരയിൽ മകളുടെ കൊലപാതകത്തിൽ റിമാൻഡിലായ ശ്രീമഹേഷിനെതിരെ,​ ഭാര്യ വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ നേരിൽ കാണാനൊരുങ്ങുകയാണ് വിദ്യയുടെ കുടുംബം.

2019 ജൂൺ 4ന് മകൾ വിദ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് ലക്ഷ്മണൻ ആലപ്പുഴ എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. കൊച്ചുമകളുടെ കൊലപാതകത്തിന് പിന്നാലെയാണ് പരാതി നൽകിയത്. എന്നാൽ ഇന്നുവരെ കേസിൽ ഒരു രീതിയിലുള്ള അന്വേഷണവും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

നക്ഷത്രയുടെ ക്രൂര കൊലപാതകത്തോടെയാണ് തന്റെ മകളെയും ശ്രീമഹേഷ് കൊലപ്പെടുത്തിയതാണോ എന്ന സംശയം മാതാപിതാക്കൾക്ക് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിൽ കാണാൻ കുടുംബം അനുമതി തേടിയത്. നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിയവെ,​ ആത്മഹത്യാശ്രമത്തെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

ശ്രീമഹേഷിന്റെയും വിദ്യയുടെയും വിവാഹം 2013 ഒക്ടോബർ 17നായിരുന്നു നടന്നത് . തുടർന്ന് വിദേശത്ത് പോയ ശ്രീ മഹേഷ്,​ അച്ഛൻ ട്രെയിൻ തട്ടിമരിച്ചതിനെത്തുടർന്ന് 2019 ജനുവരിയിൽ തിരിച്ചെത്തി. സാമ്പത്തിക ബാദ്ധ്യതയിൽപ്പെട്ട ശ്രീമഹേഷ്,​ വിദ്യയുമായി പണത്തെച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായി. വീട്ടുകാർ‌ ഇടപെട്ട് പല തവണ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. പിന്നീട് വിദ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.