ധീരജിന്റെ കൊലപാതക൦: കെ സുധാകരന്‍റെ വാഹനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി, ഡിസിസി ഓഫീസ് സമീപം ഒരു ബസ് പൊലീസ് സംഘം

ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വാഹനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്തു കണ്ണൂരിൽ പൊലീസ് ജാഗ്രത കർശനമാക്കി. 11. 30 ന് ഡിസിസി ഓഫീസില്‍ കണ്‍വെന്‍ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പൊലീസ് സംഘം സ്ഥിതി ചെയ്യുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ മലപ്പുറത്ത് സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക്‌ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നു. ആദ്യം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ചെറിയതോതിൽ സംഘർഷാവസ്ഥയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. പിന്നാലെ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ കൂടി. പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവർത്തകരെയും മാറ്റുകയായിരുന്നു.

അതേസമയം കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ധീരജിന്‍റെ മൃതദേഹം വൈകിട്ട് അഞ്ചുമണിയോടെ നാട്ടിലെത്തിക്കും.വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും.