സംസ്ഥാനത്തെ കൊറോണ വ്യാപന൦ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കേന്ദ്രമന്ത്രി സന്ദർശിക്കും.

സംസ്ഥാനത്തെ കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തുന്നത്. ഓണമടുത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കരുതൽ വർധിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.