സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം; സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണെന്ന് വി ശിവന്‍കുട്ടി

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സഞ്ജുവിന് അവസരം നൽകാത്തതിനെ കുറ്റപ്പെടുത്തി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവൻകുട്ടി ബിസിസിഐയെ വിമർശിച്ചത്.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ മാത്രം മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം നൽകിയത്. ആ മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായ 77 റൺസ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢതന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ മാത്രമാണ് മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിരിക്കുന്നത്. അവസാനത്തെ രണ്ട് ടി-20കളിൽ താരത്തിന് ഇടം ലഭിച്ചില്ല. അതേസമയം, അയർലൻഡിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റൺസ് നേടിയ ദീപക് ഹൂഡ മൂന്ന് ടി-20കൾക്കുള്ള ടീമിലും ഉൾപ്പെട്ടു. അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു പരമ്പരയിൽ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയാസ് അയ്യർ സഞ്ജുവിനു പകരം ടീമിൽ ഇടം നേടി.

ഇഷാൻ കിഷൻ മൂന്ന് ടി-20കൾക്കും മൂന്ന് ഏകദിനങ്ങൾക്കുമുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അയർലൻഡിനെതിരെ ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പോയ അർഷ്ദീപ് സിംഗ് ആദ്യ ടി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായിൽ അവസാന ഏകദിനം കളിച്ച ഹാർദിക് ടീമിൽ തിരികെയെത്തി. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമിൽ തിരികെവന്നു. ശിഖർ ധവാൻ ഏകദിന ടീമിലുണ്ട്.