വിവാഹിതരായ മക്കളുടെ കുടുംബ ജീവിതത്തില്‍ അച്ഛനമ്മമാര്‍ ഇടപെടേണ്ട ആവശ്യമില്ല, വര്‍ഷ കണ്ണന്‍ പറയുന്നു

വിവാഹ ശേഷം മറ്റൊരു വീട്ടില്‍ പോയി ജീവിക്കേണ്ടതാണ് അത് ഓര്‍മ വേണമെന്ന് ഒരിക്കലെങ്കിലും കേള്‍ക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. എന്നാല്‍ പെണ്‍കുട്ടികളോട് ഇങ്ങനെ പറയുന്നത് ഒരിക്കലും ശരിയല്ല എന്ന് പറയുകയാണ് വര്‍ഷ കണ്ണന്‍. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവെച്ച കുറിപ്പിലാണ് വര്‍ഷ പങ്കുവെച്ചിരിക്കുന്നത്.

വര്‍ഷ കണ്ണന്റെ കുറിപ്പ്, ‘വേറൊരു വീട്ടില്‍ പോയി ജീവിക്കേണ്ടതാണ് ..അതോര്‍മ്മ വേണം ‘..പെണ്‍ മക്കള്‍ക്ക് മാതാപിതാക്കള്‍ സ്ഥിരം നല്‍കാറുള്ള ഒരോര്‍മ്മപ്പെടുത്തലാണ് ..എന്നാല്‍ ‘വേറൊരു വീട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടി നമ്മുടെ വീട്ടിലെ ഒരംഗമാവാന്‍ പോകുകയാണ് ..നമ്മളില്‍ ഒരാളായി കണ്ട് അവളെ ചേര്‍ത്ത് പിടിക്കണം ..വീടും വീട്ടുകാരെയും പിരിഞ്ഞു നില്‍ക്കുന്ന അവള്‍ക്ക് ആ കുറവ് അനുഭവപ്പെടാതെ നോക്കണം ‘.. ഇങ്ങനെ ആണ്‍ മക്കളെ ഓര്‍മ്മപ്പെടുത്താന്‍ എന്തേ അച്ഛനമ്മമാര്‍ പലപ്പോഴും വിട്ടുപോകുന്നു …

‘ഞങ്ങള്‍ മക്കളെ ഒരു കഷ്ടപ്പാടും അറിയിക്കാതെയാണ് വളര്‍ത്തിയത് ..’..എന്തിന്? അച്ഛനമ്മമാരുടെ കഷ്ടതകള്‍ അറിഞ്ഞു വേണം മക്കള്‍ വളരാന്‍ ..ഒരു കുറവും അറിയാതെ വളര്‍ന്ന മക്കള്‍ ജീവിത പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചു പോകാന്‍ ഇടയുണ്ട് ..തോറ്റ് പോകാന്‍ ഇടയുണ്ട് .. ആത്മബലമുള്ളവരായി വളരട്ടെ നമ്മുടെ കുഞ്ഞുങ്ങള്‍… വിവാഹിതരായ മക്കളുടെ കുടുംബ ജീവിതത്തില്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ കയറി ഇടപെടുന്ന അച്ഛനമ്മമാരെ കണ്ടിട്ടുണ്ട് ..എന്താണ് അതിന്റെ ആവശ്യം?അവര്‍ക്ക് അവരുടേതായ രീതികള്‍ കാണും .. അവരെ അവരുടെ വഴിക്ക് വിടുക .. സ്വതന്ത്രമായി ചിന്തിച്ച് സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയും പക്വതയും ആയത് കൊണ്ടാണല്ലോ മാതാപിതാക്കള്‍ അവരെ വിവാഹം കഴിപ്പിച്ചത് .ആ ജീവിതം അവര്‍ ഒരുമിച്ചു കെട്ടിപ്പടുക്കട്ടെ ..തന്റെ പ്രിയപ്പെട്ടവര്‍ വിളിപ്പുറത്തുതന്നെയുണ്ട് എന്നൊരു ധൈര്യം,ഒരു ഉറപ്പ് അതുമതി അവര്‍ക്കൊപ്പം .. എന്തും അതിജീവിക്കാന്‍ ..

‘നാലാളറിഞ്ഞാല്‍..പിന്നെ ‘..എന്ത് കാര്യത്തിനും ഈ ചിന്ത എന്തിനാണ്? മക്കളുടെ പഠിപ്പില്‍ ,ജോലിയില്‍ ,വിവാഹത്തില്‍ ഇങ്ങനെ ഏത് കാര്യത്തില്‍ തീരുമാനമെടുക്കുമ്പോഴും ആദ്യം മനസ്സില്‍ വരുന്ന ഒരു ചിന്തയാണ് ..’മറ്റുള്ളവര്‍ എന്ത് പറയും ?’…നമ്മുടെ കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി ഒരു തീരുമാനമെടുക്കുമ്പോള്‍ നാട്ടുകാരെ ഭയക്കുന്നതെന്തിന്, നമ്മുക്കൊരു കഷ്ടം വന്നാല്‍ ഈ പറയുന്ന നാട്ടുകാര്‍ ആരും ഏഴയലത്തു കാണില്ല ..’നമ്മുടെ ജീവിതം എന്നത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ് ശ്രീ ബുദ്ധന്‍ ‘ സ്‌നേഹം