മുത്തലാഖ് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചരിത്രപരമായ തെറ്റുതിരുത്തിയെന്ന് അമിത് ഷാ

മുത്തലാഖ് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചരിത്രപരമായ തെറ്റുതിരുത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുത്തലാഖ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ പോലും മനസുകൊണ്ട് നിയമത്തിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്ത്രീകള്‍ക്ക് ഇതിലൂടെ നീതി കിട്ടിയെന്നും മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചെന്നും അമിത് ഷാ ആരോപിച്ചു.

ജൂലായ് 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസായത്. പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്. ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാണ്. മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാം.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.