മൂത്ത മകളുടെ കാര്യത്തിൽ പറ്റിയ തെറ്റ് രണ്ടാമത്തെ കുട്ടിയിൽ പറ്റില്ല- അശ്വതി ശ്രീകാന്ത്

മലയാളിയുടെ ടെലിവിഷൻ അവതാരകരിൽ പ്രിയ മുഖങ്ങളിൽ ഒന്നാണ് അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പർ നൈറ്റിലൂടെ മലയാളികൾക്ക് പരിചിതമായ മുഖം. തന്റേയും മക്കളുടേയും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടി ഏറ്റവും ഒടുവിൽ പങ്കുവച്ചിരിയ്ക്കുന്ന വീഡിയോയും അത്തരത്തിലുള്ളതാണ്.

ഷൂട്ടിങ് ദിവസം വീട്ടിൽ നിന്നും പോകാൻ ഇറങ്ങിയ അശ്വതിയ്ക്ക് മുന്നെ, ഇളയമകൾ കമല ഇറങ്ങി ഓടി ഡോറിന് അടുത്ത് പോയി നിന്നു. അമ്മ പോകേണ്ട എന്ന ലൈനിൽ. ‘അമ്മയ്ക്ക ജോലിയ്ക്ക് പോകണം, പെട്ടന്ന് തിരിച്ചുവരാം, ഇന്നും കൂടെ പോയിക്കോട്ടെ’ എന്ന് ചോദിച്ചപ്പോൾ കുഞ്ഞ് മാറി നിന്നു, ഇത്തിരി നേരം പോയിട്ട് വാ എന്ന് പറഞ്ഞു. കുഞ്ഞിനോട് സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകുന്നതാണ് അശ്വതി പങ്കുവച്ച വീഡിയോയിലെ കാഴ്ച.

എന്നാൽ മൂത്ത മകൾ പദ്മയുടെ കാര്യത്തിൽ ഇത് തനിക്ക് പാലിക്കാൻ കഴിഞ്ഞില്ല, അത് അവളെ ഇൻസെക്യുർ ആക്കി എന്ന് അശ്വതി പറയുന്നു.”പദ്മ കുഞ്ഞായിരിക്കുമ്പോൾ ഒളിച്ചും പാത്തുമാണ് വീട്ടിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നത്. കണ്ടാൽ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാൻ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാൻ വീട്ടിൽ ഉള്ളവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാൻ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും”

സത്യത്തിൽ അത് കുഞ്ഞിന്റെ ഇൻസെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി. പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും.

ഇപ്പോൾ ഞാൻ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവൾക്ക് ഉറപ്പാണ്. ഞാൻ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാൻ അവൾക്ക് വിശ്വാസക്കുറവില്ല. എന്നാൽ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാൻ പോകുമ്പോൾ പോലും പറയും ‘അമ്മ ഞാൻ വന്നിട്ടേ പോകാവൊള്ളേ’ എന്ന്. കമ്യൂണിക്കേഷൻ വളരെ പ്രധാനമാണെന്നാണ് അശ്വതി പറയുന്നത്. മക്കൾക്ക് സുരക്ഷിതത്വം തോന്നുന്നതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് വിശ്വാസം. ഈ വിശ്വാസ ബോധം പഠനം, സാമൂഹിക കഴിവുകൾ, പൊരുത്തപ്പെടുത്തൽ, വൈകാരിക വികസനം എന്നിവയ്ക്ക് അടിത്തറയിടുന്നു.