മോദി ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി; ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് എല്ലായ്പ്പോഴും ഗുണകരമാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്.

മോദിയെ എല്ലായ്പ്പോഴും മോശക്കാരനാക്കിയും പൈശാചികവല്‍ക്കരിച്ചും അദ്ദേഹത്തെ നേരിടാന്‍ കഴിയുകയില്ല. ഭരണത്തിന്‍റെ സാമ്ബത്തിക ശാസ്ത്രമെടുത്താല്‍ അത് പൂര്‍ണ്ണമായും ഒരു മോശം കഥയല്ല.

എന്നാല്‍ ഭരണത്തിന്റെ രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. യുപിഎ മന്ത്രിസഭയിലെ ഗ്രാമവികസനമന്ത്രിയായിരുന്ന ജയറാം രമേശ് അറിയപ്പെടുന്ന ഒരു സാമ്ബത്തിക വിദഗ്ദന്‍ കൂടിയാണ്.

മോദി ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നും ജയറാം രമേശ് പറഞ്ഞു. 2014 മുതല്‍ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങള്‍ വോട്ട് ചെയ്ത് അദ്ദേഹം വീണ്ടും അധികാരത്തിലേറിയത്.’

രാഷ്ട്രീയനിരീക്ഷകനായ കപില്‍ സതീഷ് കൊമ്മിറെഡ്ഡിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയറാം രമേഷ്. മോദി സംസാരിക്കുന്നത് ജനങ്ങളുമായി ഇണങ്ങിച്ചേരുന്ന ഭാഷയിലാണ്. ഭൂതകാലത്ത് ആരും ചെയ്യാത്തതും ജനങ്ങള്‍ അംഗീകരിക്കുന്നതുമായ കാര്യങ്ങള്‍ അദ്ദേഹം ചെയ്തു എന്ന് നമ്മള്‍ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഈ മനുഷ്യനെ നേരിടാന്‍ നമുക്ക് കഴിയുകയില്ല.

ദാ‍രിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പദ്ധതിയാണ് മോദിയുടെ ജനസമ്മിതിയ്ക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2019-ല്‍ നാമെല്ലാവരും മോദിയെ പരിഹസിച്ചത് ഈ പദ്ധതിയുടെ പേരിലാണ്. എന്നാല്‍ അദ്ദേഹത്തിന് കോടിക്കണക്കിന് വനിതകളിലേയ്ക്കെത്താന്‍ സാധിച്ചതും അതുവഴി 2014-ല്‍ ഇല്ലാതിരുന്ന രാഷ്ട്രീയമായ മൈലേജ് ലഭിച്ചതും അതുവഴിയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.