ഈ ചിത്രം എല്ലാ അണികളും മനസ്സിൽ സൂക്ഷിക്കുക, ജീവിതം ഒന്നേയുള്ളൂ- ഹരീഷ് പേരടി

പാർലമെന്റിൽ നിന്നുള്ള എംപിമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട് ഹരീഷ് പേരടി. രാഹുൽഗാന്ധി, കനിമൊഴി,കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ഗൌരവ് ഗോഗോയ്, എ എം ആരിഫ്, എ എ റഹിം, എം ബി രാജേഷ് എന്നിവരാണ് ഒരുമിച്ചു ചേർന്നത്. ‘ഈ ചിത്രം എല്ലാ അണികളും മനസ്സിൽ സൂക്ഷിക്കുക.. ഇനിയെങ്കിലും എല്ലാ പാർട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക… ഉമ്മ വെക്കുക.. എന്നിട്ട് മനുഷ്യന്റെ രാഷ്ട്രിയം ഉറക്കെ പറയുക… ജീവിതം ഒന്നേയുള്ളൂവെന്നാണ് ഹരീഷ് പേരടി അണികളോട് പറഞ്ഞത്

സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ

മതവും രാഷ്ട്രീയവും അന്ധവിശ്വാസികൾക്കുള്ളതല്ല…ബുദ്ധിമാൻമാർക്കുള്ളതാണ്…അന്ധവിശ്വാസികൾ രക്തസാക്ഷികളാവും..അതി ബുദ്ധിമാൻമാർ അന്ധവിശ്വാസികളുടെയും രക്തസാക്ഷികളുടെയും തണലിൽ ഇണ ചേർന്ന് ജീവിച്ചുകൊണ്ടിരിക്കും…വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പ്പരം പാർട്ടി ഓഫിസുകൾ തകർത്തവനും പൊതുമുതൽ നശിപ്പിച്ചവനും സുന്ദരമായ ജീവിതം നഷ്ടപ്പെടും..ഈ ചിത്രം എല്ലാ അണികളും മനസ്സിൽ സൂക്ഷിക്കുക..ഇനിയെങ്കിലും എല്ലാ പാർട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക…ഉമ്മ വെക്കുക..എന്നിട്ട് മനുഷ്യന്റെ രാഷ്ട്രിയം ഉറക്കെ പറയുക…ജീവിതം ഒന്നേയുള്ളൂ..’

രാഷ്ട്രീയത്തിനപ്പുറം സൗഹൃദം പുതുക്കലിന്റെ ചിത്രം സ്പീക്കർ എം ബി രാജേഷും പങ്കുവച്ചിട്ടുണ്ട്. ‘പാർലമെന്റിലെ സഹപ്രവർത്തകരെ ഇന്ന് സെൻട്രൽ ഹാളിൽവച്ച് കണ്ടുമുട്ടി. ഔദ്യോഗികാവശ്യത്തിന് ഡൽഹിയിൽ ഇന്ന് പുലർച്ചെയാണ് എത്തിയത്. ഈ പാർലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതൽ പുതിയ മന്ദിരത്തിലാണ് പാർലമെന്റ് പ്രവർത്തിക്കുക. അതിനാൽ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയിൽ മുമ്പ് സഹപ്രവർത്തകരായിരുന്നവരെയെല്ലാം കാണാനായി സെൻട്രൽ ഹാളിൽ ചെന്നതാണ്. ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെൻട്രൽ ഹാളിൽ പഴയ സഹപ്രവർത്തകർക്കും കേരളത്തിൽനിന്നുള്ള പുതിയ എം.പി.മാർക്കുമൊപ്പം കുറെ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കർ ശ്രീ. ഓം. ബിർളയെയും സന്ദർശിക്കുകയുണ്ടായി’. സ്പീക്കർ കുറിച്ചു.