ജ​ഗതിയെ ഉപേക്ഷിച്ചത് സുകുമാരന്റെ പണം കണ്ടിട്ടാണെന്ന് പലരും പറഞ്ഞു, ജീവിതം വിജയമാക്കി മാറ്റിയത് സുകുവേട്ടൻ, ചർച്ചയായി മല്ലിക സുകുമാകരന്റെ വാക്കുകൾ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

നടിയുടെ 69ാം പിറന്നാൾ ദിനമാണിന്ന്. സോഷ്യൽ മീഡിയയിലൂടെ മക്കളും മരുമക്കളുമെല്ലാം മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്. എപ്പോഴും തമാശ പറഞ്ഞ് കൊണ്ടിരിക്കുന്ന മല്ലിക സുകുമാരനെയാണ് ഇന്ന് ഏവരും കാണുന്നത്. വീട്ടുകാരെ എതിർത്ത് നടൻ ജ​ഗതി ശ്രീകുമാറിനെ വിവാഹം ചെയ്ത മല്ലികയ്ക്ക് പിന്നീട് ഈ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീടാണ് നടൻ സുകുമാരൻ മല്ലികയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. തനിക്ക് പുതിയൊരു ജീവിതം തന്നത് സുകുമാരനാണെന്ന് മല്ലിക എപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. സുകുമാരന് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സുകുമാരൻ എന്ന വ്യക്തി തന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ ജീവിതം കുട്ടിച്ചോറാകുമായിരുന്നു. അച്ഛനോ കുടുംബക്കാരോ തിരിച്ച് വിളിച്ച് കൊണ്ട് പോയി രണ്ടാമത് വിവാഹമൊക്കെ ചെയ്ത് വേറൊരു വഴിക്ക് പോയേനെ. എങ്കിലും കലാരം​ഗത്ത് പിന്നെ നിൽക്കാമെന്ന് വിചാരിക്കേണ്ട. ആദ്യത്തെ മാനസിക വിഷമം ജീവിതത്തിൽ കൂടെയുണ്ടാകും. അതില്ലാതെ രാജകുമാരിയെ പോലെ ജീവിക്കാൻ സാധിച്ചതിന് കാരണം സുകുവേട്ടനാണ്. അദ്ദേഹം ചുമ്മാ വന്ന് എന്നെ കെട്ടുകയായിരുന്നില്ല. വീട്ടിൽ വന്ന് അച്ഛനോട് സംസാരിച്ചു.

കഴിവുള്ള കുട്ടിയാണ്, ചെറുപ്രായത്തിൽ തെറ്റ് പറ്റിയതിന് ദുഖിക്കേണ്ട, ഞാൻ അങ്ങയുടെ മകളെ കല്യാണം കഴിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു. അച്ഛനും അമ്മയും രണ്ടാമത്തെ സഹോദരിയുമെല്ലാം അന്ന് വീട്ടിലുണ്ട്. മൂത്ത സഹോദരനൊക്കെ പുറത്താണ്. ചേട്ടൻ അന്വേഷിച്ചു. ഒന്നാന്തരം ആൺ ചെറുക്കനാണ്. രണ്ടെണ്ണം അടിക്കുമായിരിക്കും പക്ഷെ ‘സുകുമാരൻ ഈസ് എ ജെം ഓഫ് എ പേഴ്സൺ’ എന്ന് പറഞ്ഞു. അവരുടെയെല്ലാം നല്ല അഭിപ്രായം കണക്കിലെടുത്താണ് അച്ഛൻ തീരുമാനമെടുത്തതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

ജ​ഗതി ശ്രീകുമാറുമായുള്ള ജീവിതം വേണ്ടെന്ന് വെച്ച് ശേഷം താൻ നേരിട്ട വിഷമഘട്ടത്തെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് തിരിച്ച് വരുമ്പോൾ അച്ഛനും അമ്മയും മാപ്പ് നൽകുമായിരിക്കും. പക്ഷെ എനിക്കൊരു ബലക്കുറവ് ഫീൽ ചെയ്തു. ചെന്ന് കയറുമ്പോൾ നാല് തല്ല് കിട്ടിയാലും പോകണമെന്ന് പറഞ്ഞ് ആ ബലക്കുറവ് ഇല്ലാതാക്കിയത് സുകുവേട്ടനാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

സുകുമാരന്റെ പണം കണ്ട് പിന്നാലെ പോയെന്ന് അന്ന് ചിലർ പറഞ്ഞു. അതിന് എന്നേക്കാൾ മറുപടി പറഞ്ഞത് സുകുവേട്ടനാണ്. ബാങ്കിൽ 4695 രൂപ കിട‌ക്കുമ്പോഴാണ് എന്നെ കല്യാണം കഴിക്കുന്നത്. അച്ഛനും അമ്മയും മരുമകൻ എന്നതിലപ്പുറം മകനെന്ന നിലയിൽ സുകുമാരനെ സ്വീകരിച്ചെന്ന് വ്യക്തമാക്കിയ മല്ലിക നടന്റെ ദേഷ്യത്തെക്കുറിച്ചും സംസാരിച്ചു.

നീയല്ലാതെ വേറെ പെൺ പിള്ളേരുമായിരുന്നെങ്കിൽ എന്നെ ഇട്ടേച്ച് പോയേനെയെന്ന് അദ്ദേഹം തമാശ പറയുമായിരുന്നു. ദേഷ്യം വരുമായിരുന്നു. അകാരണമായിട്ടല്ല ദേഷ്യം വരുന്നത്. ​ഗോസിപ്പുകളൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും മല്ലിക സുകുമാരൻ അന്ന് ചൂണ്ടിക്കാട്ടി. 1978 ലാണ് മല്ലികയും സുകുമാരനും വിവാഹിതരായത്. 1997 ൽ സുകുമാരൻ മരിച്ചു.