ജീവിത പങ്കാളിയെ തേടുന്നു ജാതി മത ഭേദമന്യേ, സ്വന്തം കടയ്ക്ക് മുന്നില്‍ ജീവിത പങ്കാളിയെ തേടി യുവാവ്

തൃശൂര്‍: സ്വന്തം കടയ്ക്ക് മുന്നില്‍ വിവാഹ ആലോചനയ്ക്കായി ബോര്‍ഡ് തൂക്കിയപ്പോള്‍ ഉണ്ണികൃഷ്ണനെ ഏവരും കളിയാക്കി. ഭ്രാന്ത് ആണെന്ന് വരെ പറഞ്ഞവരുണ്ടായിരുന്നു. എന്നാല്‍ പിന്മാറാന്‍ ആ യുവാവ് ഒരുക്കമല്ല. ‘ജീവിത പങ്കാളിയെ തേടുന്നു ജാതി മത ഭേദമന്യേ’. എന്നാണ് സ്വന്തം കടയ്ക്ക് മുന്നില്‍ ഉണ്ണികൃഷ്ണന്‍ തൂക്കിയ ബോര്‍ഡ്.

പല വിധത്തില്‍ വിവാഹാലോചനകള്‍ നടത്തിയെങ്കിലും ഒന്നു പോലും ഫലവത്തായില്ല. ഇതോടെയാണ് ഉണ്ണികൃഷ്ണന്‍ ബോര്‍ഡ് വെച്ചത്. ബോര്‍ഡ് നോക്കി ചിരിക്കുന്നവരാണ് അധികവും. പലരും കളിയാക്കുന്നു. ‘നോക്കാം, ഉണ്ണിക്കൃഷ്ണാ നോക്കാം’ എന്ന് ചിലരുടെ കുത്തുവാക്കുകളും. എന്നാല്‍ ഇതൊന്നും ആ യുവാവിനെ പിന്നോട്ട് വലിക്കുന്നില്ല.

ഫെബ്രുവരി ഒന്നിനാണു വല്ലച്ചിറ പകിരിപാലത്ത് റോഡരികില്‍ ഉണ്ണിക്കൃഷ്ണന്‍ ചക്രവണ്ടിയില്‍ ചായക്കട ആരംഭിച്ചത്. ഇപ്പോള്‍ ചെറിയ പലചരക്ക് കടയായി മാറി. പലാഹര കച്ചവടവും ലോകട്ടറി കച്ചവടവുമുണ്ട്. ജീവിതമാര്‍ഗം സുഗമമാകാതെ വിവാഹത്തിനില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ തീരുമാനം. എല്ലാം ശരിയായി ജീവിതം ഒരു കരയ്ക്ക് അടുപ്പിച്ചപ്പോള്‍ പ്രായം 33 ആയി.

തുടര്‍ന്ന് പല വിധത്തില്‍ വിവാഹാലോചനകള്‍ നടത്തി. എന്നാല്‍ ഒന്നും ഒത്തുവന്നില്ല. ഇതോടെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് കണ്ട് ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടി ജീവിതത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്. താത്പര്യമുള്ളവര്‍ക്ക് വിളിക്കാന്‍ ബോര്‍ഡില്‍ മൊബൈല്‍ നമ്പറും ഉണ്ണികൃഷ്ണന്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.

വല്ലച്ചിറ നായ്കുളത്തുകാട്ടില്‍ നാരായണന്‍ കുട്ടിയുടെയും ഗീതയുടെയും മകനാണ് ഉണ്ണികൃഷ്ണന്‍. ടൈല്‍, വെല്‍ഡിങ് ജോലികള്‍ ഉപേക്ഷിച്ചാണ് ചായക്കച്ചവടം തുടങ്ങിയത്. തന്റെ മനസ്സിലെ ആഗ്രഹം ഇത്തരത്തില്‍ പരസ്യപ്പെടുത്തുന്നതില്‍ എന്താണു തെറ്റെന്നാണ് ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നത്. ഏറെ പേര്‍ അഭിനന്ദിച്ചു. മനസ്സു തുറന്ന സമീപനം ജീവിതത്തിലും ഉണ്ടാകട്ടെ എന്നാണു പലരുടെയും ആശംസ എന്നും ബോര്‍ഡ് കണ്ട് പെണ്ണു കാണാന്‍ ചിലര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.