ആശുപത്രിയും, മരുന്നുമണവും, ഇന്‍ജക്ഷന്‍ സൂചികളും നീക്കിവെച്ച് ക്രിസ്മസ് ആഘോഷിച്ചു, ജിന്‍സി ബിനു പറയുന്നു

കാന്‍സര്‍ എന്ന മഹാവ്യാധിക്ക് കീഴടങ്ങുന്നവരും പോരാടുന്നവരുമുണ്ട്. സധൈര്യം കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിച്ചവരില്‍ ഒരാളാണ് ജിന്‍സി ബിനു എന്ന യുവതി. പലപ്പോഴും തന്റെ അനുഭവങ്ങളും താന്‍ അനുഭവിച്ച വേദനകളും ജീവിതത്തിലേക്ക് തിരികെ വന്നതിനെ കുറിച്ചുമൊക്കെ ജിന്‍സി കുറിപ്പ് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പിന്നാലെ ജിന്‍സി പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.

അകം പൊള്ളിനീറിയ മണിക്കൂറുകള്‍. കുഞ്ഞിന്റെ മുഖം കാണുമ്പോ. അവന്റെ ചിരിയും, കളിയും, കരച്ചിലും എല്ലാം തീക്കാറ്റ് പോലെ എന്നിലേക്ക് ആളിക്കത്തി കൊണ്ടിരുന്ന ദിവസങ്ങള്‍. പക്ഷേ ആ ലോകത്തെ ഞാന്‍ കീഴ്‌മേല്‍ മറിച്ചു. കണ്ണുനീരും, ആധികളും ഒരു ചില്ലുകുപ്പിയിലിട്ടടച്ചുവച്ചു . ആശുപത്രിയും, മരുന്നുമണവും, ഇന്‍ജക്ഷന്‍ സൂചികളും അങ്ങട്ട് നീക്കി വച്ചിട്ട് ആ ക്രിസ്തുമസ് പതിവിലും കൂടുതല്‍ ഒരുങ്ങി. എല്ലാവരോടുമൊപ്പം- ജിന്‍സി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ഒരു കുഞ്ഞിന്റെ ജനനം എത്രമാത്രം സന്തോഷങ്ങളെയാണ് തരുന്നത്. അവനു വേണ്ടി എന്തോരം സമ്മാനങ്ങള്‍ കാത്തുവയ്ക്കും. പട്ടുപോലത്തെ കുഞ്ഞിമെത്തയും, കിലുങ്ങി കിലുങ്ങി തുള്ളുന്ന മണികെട്ടിയ തൊട്ടിലും, കരിവളയും,കണ്‍മഷിയും, കുഞ്ഞുടുപ്പുകളും. അങ്ങനെ എന്തെല്ലാം. ഇതൊന്നുമില്ലാതെ പുല്‍തൊഴുത്തില്‍. ലോകംമുഴുവന്‍ നന്‍മയുടെ പ്രകാശം പരത്തി ഉണ്ണിയേശു പിറന്നു. 2017 ക്രിസ്തുമസ് കാത്തിരുന്ന്. കാത്തിരുന്ന്, കരഞ്ഞ് കരഞ്ഞ്, പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു കിട്ടിയ ഞങ്ങടെ മോനുക്കുട്ടന്റെ ആദ്യ ക്രിസ്തുമസ്.

ഡിസംബര്‍ 1നു നക്ഷത്രം തെളിച്ചു, 10 ആയപ്പോ ക്രിസ്മസ് ട്രീ ഒരുക്കി, അത്തവണ… പതിവിലും കൂടുതല്‍ ബലൂണുകള്‍ വാങ്ങി… മുത്തിനു മാത്രല്ല… മോനൂട്ടനും വേണല്ലോ. ക്രിസ്തുമസ് എത്താന്‍ കാത്തിരുന്നു. കരോള്‍ വന്നു…മോനൂട്ടന്‍ ആദ്യായി ക്രിസ്മസ് അപ്പൂപ്പനെ കണ്ടു. കേക്ക് മധുരം നുണഞ്ഞു, കൊച്ചു കൊച്ചു വല്യ സന്തോഷങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി വില്ലന്‍ കടന്നു വന്നദിവസങ്ങള്‍. ഒരു മറയുമില്ലാതെ. മീഡിയേറ്റര്‍മാരില്ലാതെ. നേരിട്ടറിഞ്ഞു. നിന്നെ കാര്‍ന്നു തിന്നുന്നു.

എങ്ങട്ടൊക്കെയോ. ഓടി, എവിടൊക്കെയോ പോയി, വഴിയറിയാതെ കുറേ ദൂരം, ഞണ്ട് കാര്‍ന്നു തുടങ്ങീന്നുറപ്പിച്ച പകലും, രാത്രിയും ചിന്തകള്‍ കാടുകയറി. മറുപടികിട്ടാതെ ഒരുപാട് ചോദ്യങ്ങള്‍. അകം പൊള്ളിനീറിയ മണിക്കൂറുകള്‍. കുഞ്ഞിന്റെ മുഖം കാണുമ്പോ. അവന്റെ ചിരിയും, കളിയും, കരച്ചിലും എല്ലാം തീക്കാറ്റ് പോലെ എന്നിലേക്ക് ആളിക്കത്തി കൊണ്ടിരുന്ന ദിവസങ്ങള്‍. പക്ഷേ ആ ലോകത്തെ ഞാന്‍ കീഴ്‌മേല്‍ മറിച്ചു. കണ്ണുനീരും, ആധികളും ഒരു ചില്ലുകുപ്പിയിലിട്ടടച്ചുവച്ചു . ആശുപത്രിയും, മരുന്നുമണവും, ഇന്‍ജക്ഷന്‍ സൂചികളും അങ്ങട്ട് നീക്കി വച്ചിട്ട് ആ ക്രിസ്തുമസ് പതിവിലും കൂടുതല്‍ ഒരുങ്ങി. എല്ലാവരോടുമൊപ്പം.

ചുറ്റും സഹതാപവും, ആശങ്കകളും, നിറഞ്ഞ മുഖങ്ങളായിരുന്നു, ഒന്നും കണ്ടില്ലെന്നു വച്ചു, പിന്നീട് കിട്ടിയ ഒരു ക്രിസ്തുമസും സന്തോഷങ്ങളും, ഒന്നിനു വേണ്ടിയും നഷ്ടപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഇത്തവണയും ആ അധികബോണസില്‍ ഞങ്ങ കുഞ്ഞു സന്തോഷങ്ങളും പുല്‍ക്കൂടും ഉണ്ണിയേശുവും കേക്കുമധുരവും നക്ഷത്രങ്ങളും ഒക്കെയായി ക്രിസ്തുമസ്. ധൈര്യം തന്നു കൂടെ നില്‍ക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍. #തിരിച്ചടികളെബഅതേബശക്തിയില്‍ #തിരിച്ചടിക്കണംബനമുക്ക്ബമാത്രല്ലബഅവര്‍ക്കുംബനോവട്ടെ. അന്നത്തെ ഞങ്ങ മോനുക്കുട്ടനും, ഇന്നത്തെ ഞങ്ങളും.