രണ്ട് വട്ടം കാന്‍സര്‍ വരിഞ്ഞ് മുറുക്കി, ഒറ്റപ്പെടലിന്റെ നാളുകള്‍, ഒടുവില്‍ ശരത്തിന്റൈ അതിജീവനത്തിന് റെക്കോര്‍ഡ് നേട്ടം

കാന്‍സര്‍ എന്ന മഹാമാരിയെ കരളുറപ്പുകൊണ്ട് നേരിടുന്നവരില്‍ ഒരാളാണ് ശരത്ത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശരത്ത് തന്റെ ജീവിതത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. കിടപ്പാടം പോലും ഇല്ലാത്തപ്പോഴാണ് കാന്‍സറും ശരത്തിനെ തളര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ തോറ്റു കൊടുക്കാന്‍ ശരത്ത് തയ്യാറായിരുന്നില്ല. നെഞ്ചുവിരിച്ച് നേരിട്ടു. ഇപ്പോള്‍ വേദന നിറഞ്ഞ ജീവിതത്തിലേക്ക് അംഗീകാരം തേടിയെത്തിയിരിക്കുകയാണ്. ശരത്തിന്റെ പൊള്ളുന്ന ജീവിതം പ്രമേയമായ റെയ്‌സ് യുവര്‍ ബ്രേവ് വിങ്‌സ് എന്ന പുസ്തകത്തിനാണ് അപൂര്‍വ നേട്ടം തേടിയെത്തിയത്.

‘ജീവിതത്തിലെ ഏതവസ്ഥയിലും പ്രതീക്ഷ കൈവിടരുത് എന്നും പ്രത്യാശയോടെ മുന്നോട്ട് പോകണമെന്നും നിര്‍ബന്ധമുള്ള ഒരു വ്യക്തി കൂടിയാണ് ഞാന്‍. കാന്‍സര്‍ വന്നതിനുശേഷമുള്ള കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എത്രയോ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഞാന്‍ നേരിട്ടു. മാനസികമായും ശാരീരികമായും സാമ്പത്തികമായും എത്രയോ വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ എനിക്ക് കഴിഞ്ഞു. ഓരോ പോരാട്ടവും എന്റെ ഉള്ളിലെ പോരാളിയെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്.’-ശരത്ത് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:ഞാന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത് നിങ്ങളില്‍ പലരും അറിഞ്ഞു കാണും.ഇന്ന് ആ പുരസ്‌കാരം എന്റെ കൈകളിലെത്തി. കാന്‍സര്‍ പോരാട്ടത്തിനിടയില്‍ എനിക്ക് കിട്ടിയ ഓരോ പുരസ്‌കാരവും ജീവിതത്തിലെ നാഴികക്കല്ലുകള്‍ ആണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്റെ അക്ഷരങ്ങളും എഴുത്തും ഇതിനോടകം എത്രയോ പുരസ്‌കാരങ്ങള്‍ എനിക്ക് സമ്മാനിച്ചു കഴിഞ്ഞു, ആ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നു തന്നെയാണ് എന്റെ കൈകളില്‍ എത്തിയ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് സിലെ ഈ പുരസ്‌കാരവും. ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നുള്ളതല്ല പ്രധാനം ആ സംഭവങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനാണ് പ്രാധാന്യം. കാന്‍സര്‍ എന്ന വില്ലന്‍ എന്റെ ജീവിതത്തിലേക്ക് രണ്ടു വട്ടവും കടന്നുവന്നപ്പോള്‍ വ്യത്യസ്തമായിരുന്നില്ല എന്റെ സമീപനവും. ക്യാന്‍സറിനെ പേടിക്കുക യോ ക്യാന്‍സര്‍ വന്നതിന്റെ പേരില്‍ നിരാശയില്‍ ജീവിതം തള്ളി നീക്കാനോ ഞാന്‍ തയ്യാറായിരുന്നില്ല. ഒരു രോഗി എന്ന പേരില്‍ മടിപിടിച്ച് അസ്വസ്ഥനായി ഇരിക്കാന്‍ ഒരു നേരവും ഞാന്‍ ആഗ്രഹിച്ചില്ല. ജീവിതത്തില്‍ ഇനിയും എന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യാന്‍ സാധിക്കുമെന്നും അതിനുവേണ്ടി പരിശ്രമിക്കണമെന്നും എനിക്ക് തോന്നി. എന്റെ ജീവിതത്തെ, സംഘര്‍ഷങ്ങളെ എഴുത്തിലൂടെ ഞാന്‍ സാധൂകരിച്ചു. എനിക്ക് പറയാനുള്ളതെല്ലാം അക്ഷരങ്ങളിലൂടെ ഞാന്‍ ഈ ലോകത്തോട് വിളിച്ചു പറഞ്ഞു, ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.

ജീവിതത്തിലെ ഏതവസ്ഥയിലും പ്രതീക്ഷ കൈവിടരുത് എന്നും പ്രത്യാശയോടെ മുന്നോട്ട് പോകണമെന്നും നിര്‍ബന്ധമുള്ള ഒരു വ്യക്തി കൂടിയാണ് ഞാന്‍. ക്യാന്‍സര്‍ വന്നതിനുശേഷമുള്ള കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എത്രയോ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഞാന്‍ നേരിട്ടു. മാനസികമായും ശാരീരികമായും സാമ്പത്തികമായും എത്രയോ വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ എനിക്ക് കഴിഞ്ഞു. ഓരോ പോരാട്ടവും എന്റെ ഉള്ളിലെ പോരാളിയെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത് . തള്ളി പറഞ്ഞവരും ഒറ്റപ്പെടുത്തിവരും ഒരുപാടാണ് ഒപ്പം തന്നെ സ്‌നേഹിച്ചവരും കൂടെ നിന്നവരും ഉണ്ട്.എല്ലാത്തിനുമുപരി ഏതു പ്രതിസന്ധിയിലും എന്റെ വാക്കും ആയുധവുമായി എന്നോടൊപ്പം നിന്ന എന്റെ ഭാര്യയും. കാല്‍ ഇടറും എന്ന് തോന്നിയ സാഹചര്യങ്ങളിലെല്ലാം എന്റെ കാല്‍ ആയി മാറിയവള്‍. എനിക്കുവേണ്ടി എന്റെ ഭാര്യ നേരിട്ട കഷ്ടപ്പാടുകള്‍ക്ക് നന്ദി എന്ന രണ്ടക്ഷരം പറഞ്ഞാല്‍ മാത്രം പോരാ എന്റെ ജീവിതം കൊണ്ടു തന്നെ ഞാനവളോട് കടപ്പെട്ടിരിക്കും.

നിങ്ങള്‍ ജീവിതത്തില്‍ എത്ര കാത്തിരുന്നിട്ടും അത്ഭുതങ്ങള്‍ ഒന്നും നടന്നില്ല എങ്കില്‍ സ്വയം ഒരു അത്ഭുതം ആകാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഇന്നലെ എന്നത് ഓര്‍മ്മയും നാളെ എന്നത് പ്രതീക്ഷയുമാണ് ഇതാണ് ജീവിതം എന്ന തിരിച്ചറിവാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടത്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ ഉള്ള ധൈര്യം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന്
ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇരുട്ടിലും വെളിച്ചത്തിലും ഒരാളാവാന്‍ കഴിയുന്നവരാണ് കെടാവിളക്ക് ആവുക അല്ലാത്തവര്‍ വിളക്ക് ആകും, പക്ഷേ വെളിച്ചം ഉണ്ടാകില്ല…