സുരക്ഷാ വീഴ്ച; അജിത് ഡോവലിന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ എന്‍എസ്ജിയില്‍ നിന്നും നീക്കി

ന്യൂഡല്‍ഹി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് ഒരാള്‍ കടന്ന് കയറാന്‍ ശ്രമിച്ച സംഭവത്തില്‍ എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ എന്‍എസ്ജിയില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അജിത് ഡോവലിന്റെ വീട്ടിലേക്ക് ഒരാള്‍ കടന്ന് കയറിയത്. ചുവന്ന എസ് യു വിയില്‍ എത്തിയ ഒരാളാണ് കടന്നുകറാന്‍ ശ്രമിച്ചത്. എന്‍എസ്ജി ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചുവെങ്കിലും സുരക്ഷ വീഴ്ച സംഭവിച്ചതായിട്ടാണ് വിലയിരുത്തല്‍.

ശാന്തനു റെഡ്ഡി എന്ന വ്യക്തിയാണ് കടന്ന് കയറുവാന്‍ ശ്രമിച്ചത്. തന്നെ നിയന്ത്രിക്കുന്നത് പുറത്ത് നിന്നുള്ളവരാണെന്നും ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.