കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട്: തലക്കുളത്തൂര്‍ പഞ്ചായത്തില്‍ 23 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 84ആയി. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നേരത്തെ പഞ്ചായത്ത്തല യോഗം ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.

ശനിയാഴ്ച പുതിയ 23 കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ 15 സ്‌ക്വാഡുകളിലായി 40 പേര്‍ 284 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. 269 കിണറുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്തു. 52 കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇഎം മീര നേതൃത്വം നല്‍കി. മഞ്ഞപ്പിത്ത പ്രതിരോധ ബോധവല്‍ക്കരണത്തിനായി മൂന്ന് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 350 ലഘുലേഖകള്‍ വിതരണം ചെയ്തു. ഹോട്ടല്‍, ബേക്കറി ഉള്‍പ്പെടെ മൂന്ന് കടകള്‍ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി.