ഞാൻ മരിച്ചുപോയാൽ എന്റെ മോൾ ഈ ഭൂമിയിൽ ഒറ്റയ്ക്കായിപോകുന്നത് ഒരു നിമിഷം ഓർത്തുപോയി

സ്തനാർബുദത്തിനു പിന്നാലെ രക്താർബുദവും പിടികൂടിയ സുബിന എന്ന ഉമ്മയുടെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് റാണി നൗഷാദ്. പതിനെട്ടുകാരിയായ ഒരു പെൺകുട്ടിക്ക് ഉമ്മ എത്രത്തോളം അനിവാര്യമായ സമയമാണ് എന്നതോർത്ത് നെഞ്ചു നീറിപ്പോയ നിമിഷങ്ങൾ. ഞാൻ മരിച്ചുപോയാൽ എന്റെ മോൾ ഈ ഭൂമിയിൽ ഒറ്റയ്ക്കായിപോകുന്നത് ഒരു നിമിഷം ഓർത്തുപോയെന്നും വേദനയോടെ റാണി കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇത് മരിച്ചു പോയ അവളുടെ ഉമ്മയ്ക്കുവേണ്ടി എഴുതിയതാണ്. മരിച്ചുപോയവരുടെ പ്രിയപ്പെട്ടവരെ തേടി നമ്മൾ എത്തപ്പെടുമ്പോൾ, അവരോട് നമ്മൾ എന്തുപറയണം,എങ്ങനെ തുടങ്ങണം എന്ന് മുന്നൊരുക്കപ്പെടാൻ കഴിയാതെ പോകുന്ന ദയനീയമായ ചില അവസ്ഥകളുണ്ട്. അനുഭവിക്കുമ്പോൾ മാത്രമേ അതിന്റെ ആഴവും, പതർച്ചയും നമുക്ക് അറിയാൻ കഴിയൂ…. എനിക്ക് സുബിനയുടെ വീട്ടുകാരെ ഭർത്താവിന്റെ അടുത്ത ബന്ധുക്കൾ എന്നതിലുപരി സുഹൃത്തുക്കൾ എന്നുപറയാനാണിഷ്ടം…

കൃത്യമായി പറഞ്ഞാൽ പതിനഞ്ചു ദിവസങ്ങൾക്കു മുൻപ് സുബിനയുടെ മൂത്ത ഇത്തയായ സീനാത്തയുടെ ഒരു ഫോൺ കാൾ എനിക്കു വന്നു… അവിടെ നിന്നും കേട്ട കാര്യങ്ങൾ,എന്റെ ഹൃദയം പൊടിച്ചു കളയുന്ന പോലെയും ഇത്തയുടെ ചങ്കു പിടയ്ക്കുന്ന കരച്ചിൽ എന്നെ ആകെ കൊന്നുകളയുന്നപോലെയും തോന്നിച്ചു… അനിയത്തിയായ സുബിനാക്ക് ഒരു വർഷം മുൻപ് കണ്ടെത്തിയ ബ്രെസ്റ്റ് ക്യാൻസർ ഭേദപ്പെട്ടുവെന്നും, പക്ഷേ മൂന്നുമാസങ്ങൾക്ക് മുൻപ് വീണ്ടും ബുദ്ദിമുട്ടുകൾ തോന്നി അമൃതയിൽ അഡ്മിറ്റ്‌ ആക്കിയപ്പോൾ ലുക്കീമിയ ആണെന്ന് അറിഞ്ഞുവെന്നും, ബോൺ മാരോ ചെയ്തിട്ടും ബോഡി ഇപ്പോൾ പ്രതികരിക്കാത്ത വിധം അവളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു എന്നും കേട്ടപ്പോൾ ഒന്നും തിരിച്ചു പറയാൻ കഴിയാത്തവിധം എന്റെ നാവിറങ്ങി പ്പോയിരുന്നു….

ചിലപ്പോൾ എങ്കിലും സമാധാനപ്പെടുത്താൻ പോലും ആകാത്ത വിധം നമ്മൾ മിണ്ടാട്ടം മുട്ടി കരിങ്കല്ലുപോലെ നിൽക്കുന്നതായി തോന്നും. അന്ന് ആ കോൾ കട്ട് ചെയ്യുമ്പോൾ ഞാൻ വെറുമൊരു പുൽക്കൊടി പോലെ വാടിപ്പോയിരുന്നു… പിന്നീട് അങ്ങോട്ട്‌ വിളിച്ച് സുഖമായോ, എങ്ങനെയുണ്ട് എന്നു ചോദിക്കാൻ ആവതില്ലാത്തതിനാൽ മനഃപൂർവമെന്നോണം അവരെ വിളിക്കാനും ഞാൻ മടിച്ചു…ഒടുവിൽ നാലാം ദിവസം അറിഞ്ഞു സുബിന ഈ ഭൂമിയിൽ നിന്നും മടങ്ങിയെന്ന്…. മരണം എന്ന വാക്കിന്റെ ഭീകരത അത് സൃഷ്ടിക്കുന്ന ശൂന്യതയാണ്…. നമ്മിലൊരാൾ ഭൂമിയിൽ ഇല്ലാതായി തീരുന്നതിന്റെ തൊട്ടുമുമ്പുവരെ അവർ നിറഞ്ഞു ചിരിച്ചു നിന്ന ഇടങ്ങൾ, സ്നേഹപ്പെടലുകൾ, കരുതലുകൾ തീർത്ത മഹാശാന്തതകൾ എല്ലാം എന്നെന്നേക്കുമായി അയാളിൽ നിന്നും നമ്മളിലേക്ക് നിലച്ചു പോകുന്ന അവസ്ഥ….

അതാണ് ചുട്ടുപൊള്ളിച്ച് കിടുങ്ങി വിറപ്പിച്ചുകൊണ്ട് തലച്ചോറിനെ ഘനീഭവിപ്പിക്കുന്നത്… ഒടുവിൽ, മരണമറിഞ്ഞ് അവിടേയ്ക്ക് കടന്നു വരുമ്പോൾ ഞാൻ കണ്ടത് നിന്റെ കുട്ടികൾ, നിന്റെ ഭർത്താവ്, നിന്റെ സഹോദരി, സഹോദരൻ,ഉമ്മ, വാപ്പ എല്ലാരും അത്തരം ഒരവസ്ഥയിലൂടെ ഭാരമില്ലാതെ അലയുന്നതാണ്… എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കാൻ ചിന്തിച്ചു നിന്നപ്പോഴാണ് സുബിനാ,ഞാൻ നിന്റെ പൊന്നുമോളെ കണ്ടത്. വാടിയ തണ്ടുപോലെ വളഞ്ഞൊടിഞ്ഞ് ഒരു കിടക്കയിൽ….!! പലരും അവിടേക്ക് വരുന്നതും എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു പിരിഞ്ഞു പോകുന്നതും കണ്ടു… അതെ,അവർക്ക് അതിനല്ലേ കഴിയൂ.. പിന്നെയും നൊന്തു നൊന്ത്,ബാക്കിയായി പോകുന്നത് നിന്റെ ഉദരവും ഹൃദയവും പകുത്തവരല്ലേ….!! മരണം കഴിഞ്ഞ് ഏഴു ദിവസം കഴിഞ്ഞപ്പോൾ ആണ്,അതായത് മിനിഞ്ഞാന്ന് പിന്നെയും എന്റെ ഫോണിലേക്ക് സീനാത്തയുടെ വിളി വന്നത്. രാത്രിയിൽ ഞാൻ അവിടെ എത്തുമ്പോൾ സുബിനയുടെ മോൾ ഭക്ഷണം വേണ്ട, ഞാൻ പിന്നെ കഴിച്ചോളാം എന്നൊക്കെ പറഞ്ഞുകൊണ്ട് അവിടെ ഇരിപ്പുണ്ടായിരുന്നു. ആ സമയത്തും എന്റെ റോൾ എന്താണ്, എന്തിനാവും വിളിച്ചത് എന്ന കൺഫ്യൂഷനിൽ ഞാൻ മോളുടെ തൊട്ടടുത്ത് ഇരിന്നു…

ഒരു പതിനെട്ടുകാരിയ്ക്ക് അവളുടെ ഉമ്മ എത്രത്തോളം അനിവാര്യമായ സമയമാണ് എന്നതോർത്ത് എന്റെ നെഞ്ചു നീറി. ഞാൻ മരിച്ചുപോയാൽ എന്റെ മോൾ ഈ ഭൂമിയിൽ ഒറ്റയ്ക്കായിപോകുന്നത് ഞാൻ ഒരു നിമിഷം ഓർത്തുപോയി…. മാസ്ക് മുഖത്തുള്ളത് പലപ്പോഴും വളരെ സഹായമാണല്ലോ എന്നോർത്തുകൊണ്ട് അതിനെ കണ്ണിനോളം ഉയർത്തി ഞാൻ ചേർത്തു വച്ചു… ഫിദ മോള് പറഞ്ഞിട്ടാണ് എന്നെ സുബിനയുടെ ഇത്തയായ സീന അവിടേക്ക് വിളിപ്പിച്ചത്…. മോളോട് എങ്ങനെ എന്ത്‌ സംസാരിച്ചു തുടങ്ങണം എന്ന് ചിന്തിച്ചിരുന്നപ്പോൾ അവളാണ് പറഞ്ഞത്, ആന്റീ എന്റെ ഉമ്മയെക്കുറിച്ച് ആന്റി കുറച്ചു കാര്യങ്ങൾ എഴുതണമെന്ന്…മരിച്ചു പോയെങ്കിലും എന്റെ ഉമ്മ എന്തായിരുന്നു ജീവിതത്തിൽ ഞങ്ങൾക്കും, ഞങ്ങളുടെ ചുറ്റുമുള്ളവർക്കുമെന്ന് എല്ലാരും അറിയണം… അതു കേട്ട് ഞാൻ അത്ഭുതത്തിൽ അവളെ നോക്കി. മരിച്ചു പോയ തന്റെ ഉമ്മയ്ക്ക് വേണ്ടി,ഉമ്മയുടെ ഓർമ്മകൾ കൊണ്ടൊരു വീടൊരുക്കുകയാണവൾ… നീ ഭാഗ്യവതിയാണ് സുബിനാ….എനിക്കറിയാമായിരുന്നു ഫിദമോൾ എന്നോട് നിന്നെക്കുറിച്ച്, അവളുടെ ഉമ്മയെക്കുറിച്ച്‌ വാ തോരാതെ പറഞ്ഞു കേൾപ്പിയ്ക്കുമ്പോൾ ഒന്നു തൊടാൻ കഴിയാതെ, മിണ്ടാൻ കഴിയാതെ ആത്മാവു നിറക്കുന്ന ചിരിയുമായി എന്നെയും, ഫിദമോളെയും, സീനാത്തയെയും കൂടാതെ നാലാമതൊരാളായി നീ അരികിൽ തന്നെ ഉണ്ടെന്ന്, അത് ഞാൻ മോളോട് പറഞ്ഞപ്പോൾ അവൾക്ക് ഒരുപാടു സന്തോഷം തോന്നി. നിനക്കു പറയാനും മിണ്ടാനും തൊടാനും കഴിയുന്നില്ല എന്നല്ലേ ഉള്ളൂ. മഞ്ഞ് പെയ്യുന്നതു പോലെ, നിന്റെ മേൽ പനിനീർ പൂക്കൾ പൊഴിക്കുന്നത് പോലെ നീ എല്ലാം അറിയുന്നുണ്ടല്ലോ…. കേട്ടില്ലേ നിന്റെ മോൾ പറയുന്നത്, അവൾക്കും അവളുടെ സഹോദരൻ മുന്നയ്ക്കും നീ ജീവിതത്തിൽ എന്നും എന്തിനുമുള്ള ഒരു സൊല്യൂഷൻ ആയിരുന്നുവെന്ന്….

ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ആരുടെ മുന്നിലും അവർക്കോ, അവരുടെ വാപ്പയ്ക്കോ പോകേണ്ട കാര്യമില്ല,ഉത്തരങ്ങൾ അമ്മയായ നിന്റെ കയ്യിൽ ഭദ്രമായിരുന്നുവെന്ന്….ചെറുതിലെ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ ആളായിരുന്നു അവളുടെ വാപ്പയും സഹോദരങ്ങളും എന്നാൽ അവർക്കും തണലും താങ്ങുമായി ഉമ്മ ഉണ്ടായിരുന്നുവെന്ന്….ഇതൊക്കെ കേട്ട് സുബിന പിന്നെയും പിന്നെയും സന്തോഷം കൊണ്ട് നിറഞ്ഞു തൂവുന്ന കാഴ്ച ഞാൻ മോളോട് പറഞ്ഞു. ഉമ്മയുടെ മരണം തീർത്ത വേദനയിൽ പൊള്ളിയടർന്നു നിന്ന അവളിലേക്ക് ഒരു ചെറിയ തണുപ്പായി എന്റെ വാക്കുകൾ മാറുന്നത് ഞാനറിഞ്ഞു…ഉമ്മ മരിച്ചു പോയി എന്നു പറഞ്ഞു സങ്കടപ്പെടുന്നതിനു പകരം ഫിദ മോൾ ഉമ്മ ചെയ്തു വച്ച നന്മകൾ എണ്ണിപ്പറയുകയായിരുന്നു…വീട്ടിൽ മാത്രമല്ല അയൽക്കാർക്കും, സുബിന ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു…ഭക്ഷണം കഴിച്ചോ, വച്ചോ, വിഷമിക്കണ്ട എന്നൊക്കെ പറഞ്ഞു കൊണ്ട് അവിടമാകെ പൂത്തു ചിരിച്ചു നിന്നവളുടെ വീട്ടിൽ, അവൾ മരിച്ചുപോയ ദിവസങ്ങളുടെ വിടവിൽ തന്റെ ഉമ്മയെ, അവളുടെ നന്മകൾ ഓർത്തു പറഞ്ഞു ചേർത്തുവയ്ക്കുന്ന മക്കൾ തന്നെയാണ് മരണശേഷവും മാതാപിതാക്കളുടെ സുകൃതം… ഉമ്മ മരിച്ചിട്ടില്ല മോളേ….നിങ്ങൾ വാപ്പയും മക്കളും സന്തോഷത്തോടെ അവളെ ഓർത്തുകൊണ്ട് സ്നേഹമൂറുന്ന സുഗന്ധം നിറയ്ക്കുന്ന ഓർമ്മകൾ ചേർത്തു പിടിക്കുമ്പോൾ ഉമ്മ കൂടെയില്ല എന്ന വലിയ സത്യം തീർത്ത നഷ്ടം നിങ്ങളെ തളർത്തിക്കളയാതെ,പിന്നെയും ജീവിതത്തിലേക്ക് തിരിച്ചു നടത്തും….
തീർച്ച…!!!